മന്ത്രി വീണ ജോർജ് പൂർണ പരാജയം: കെ.കെ. ഹർഷിന

Monday 23 February 2026 12:50 AM IST

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വർഷങ്ങൾ കഴിഞ്ഞും തനിക്ക് നീതി നിഷേധിച്ചെന്ന് പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിന പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജ് പൂർണ പരാജയമാണ്. പ്രശ്നമുണ്ടായ സമയം വന്ന് കെട്ടിപ്പിടിച്ചുവെന്നല്ലാതെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. 15 ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. സംഭവം നടന്ന് നാലുവർഷം കഴിഞ്ഞിട്ടും നീതി കിട്ടിയിട്ടില്ല. നീതി കിട്ടിയിരുന്നെങ്കിൽ ഇപ്പോഴും ഇങ്ങനെ ഇരിക്കേണ്ട അവസ്ഥ വരില്ലായിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ മൂന്ന് അന്വേഷണത്തിലും ഡോക്ടർമാർക്ക് പിഴവ് വന്നില്ലെന്നാണ് റിപ്പോർട്ട്. ആ വാദം അംഗീകരിക്കാനാവില്ല. രണ്ടുലക്ഷം രൂപ നൽകിയെന്നാണ് മന്ത്രി പറയുന്നത്. നഷ്ടപരിഹാരം എന്ന നിലയ്ക്കാണ് രണ്ടുലക്ഷം തന്നത്. അതിനാൽ സ്വീകരിച്ചില്ല. നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു.