ഗുരുദർശനം ലോകസമാധാന മൂലമന്ത്രം: സ്വാമി വീരേശ്വരാനന്ദ
മോസ്‌കോ: ഗുരുദേവൻ പകർന്ന് നൽകിയ മാനവിക മൂല്യങ്ങൾ ലോകസമാധാനത്തിന്റെ മൂലമന്ത്രമെന്ന് ലോകമത പാർലമെന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ പറഞ്ഞു .റഷ്യയിൽ നടന്ന ലോകമത പാർലമെന്റിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സ്വാമി . മനുഷ്യകുലത്തിന്റെ പരസ്പര ബഹുമാനത്തെയും സഹവർത്തിത്വത്തെയും കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. ആത്മീയതയുടെ അഭാവവും ശൂന്യതയുമാണ് ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. മനുഷ്യരെ ഒന്നിപ്പിക്കുന്ന മാനവിക മൂല്യങ്ങളാണ് ഗുരുദേവൻ സമൂഹത്തിന് പകർന്ന് നൽകിയത്. മതം മനുഷ്യനെ മനുഷ്യനോട് വേർതിരിക്കുന്നിടത്ത് ഗുരുദേവൻ മനുഷ്യനെ മനുഷ്യനോട് കൂട്ടിച്ചേർക്കുന്ന ഭാഷയാണ് സംസാരിച്ചത്. മനുഷ്യനോട് മനുഷ്യനാകാനും ലോകരാജ്യങ്ങളോട് യുദ്ധം മറന്ന് സമാധാനം തിരയാനും ഉദ്ബോധനം ചെയ്യുകയാണ് ശിവഗിരി മഠം. സമാധാനം സ്വയം സംഭവിക്കുന്ന ഒന്നല്ല. അത് മനുഷ്യർ ചേർന്ന് സൃഷ്ടിക്കേണ്ട ഒന്നാണ്. ആഗോള മാനവികതയുടെ ചട്ടക്കൂട് രൂപപ്പെടുത്താൻ ലോകമത പാർലമെന്റിലൂടെ സാദ്ധ്യമാകുമെന്നും സ്വാമി പറഞ്ഞു.