ഭരണമാറ്റം ആവശ്യപ്പെടുന്നവരുടെ ലക്ഷ്യം കേരളത്തിന്റെ തകർച്ച: എം.എ. ബേബി

Monday 23 February 2026 1:11 AM IST

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നുപറയുന്നവരുടെ ലക്ഷ്യമെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഞ്ചാം കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഇ‍ന്നത്തെ കേരളം യാദൃശ്‌ചികമായി രൂപപ്പെട്ടതല്ലെന്നും ഒരുപാട്‌ ത്യാഗങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഫലമാണന്നും അദ്ദേഹം പറഞ്ഞു. കൈവരിച്ച നേട്ടങ്ങൾ പിന്നോട്ട്‌ കൊണ്ടുപോയാലും ഭരണ തുടർച്ച വേണ്ടെന്ന നിലപാടാണ്‌ ചിലർ സ്വീകരിക്കുന്നത്‌. നാട്‌ നശിച്ചാലും കുഴപ്പമില്ല, വർഗീയതയും അഴിമതിയും നിറഞ്ഞ നാടായി കേരളം മാറണം എന്നാണോ അവർ പറയുന്നതെന്നും എം.എ. ബേബി ചോദിച്ചു.

ഭരണത്തുടർച്ച അപകടമാകുമോ എന്ന ആശങ്ക ചില സാംസ്‌കാരിക വ്യക്തികൾ ഉയർത്തുന്നുണ്ടെന്നും അവർ ഇടതുപക്ഷത്ത്‌ നിൽക്കുമ്പോഴും ഭരണ തുടർച്ച ഉണ്ടാകരുതെന്നാണു വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും സത്യവിരുദ്ധമായ ആരോപണങ്ങളിൽനിന്ന്‌ പ്രതിപക്ഷ നേതാവ്‌ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഠന കോൺഗ്രസ്സിൽ രണ്ടുദിവസങ്ങളിലായി നടന്ന 44 സെഷനുകളിലെ ചർച്ചകൾ ക്രോഡീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് സംസാരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ അധ്യക്ഷത വഹിച്ചു .പ്ലാനിംഗ് ബോർഡ്‌ ഉപാധ്യക്ഷൻ വി.കെ.രാമചന്ദ്രൻ, പ്ലാനിംഗ് ബോർഡ്‌ അംഗം രാംകുമാർ തുടങ്ങിയവർ സംസാരിച്ചു.