ഹിന്ദു ഐക്യശ്രമങ്ങളെ വർഗീയമായി ചിത്രീകരിക്കുന്നു: സ്വാമി സച്ചിദാനന്ദ
ചെറുകോൽപ്പുഴ: ഹൈന്ദവ ജനത ഒരുമിക്കാൻ തീരുമാനിച്ചാൽ അത് വർഗീയതയാകുന്ന കാലമാണിതെന്നും സംഘടിച്ച് ശക്തരാകാനുള്ള ഗുരുദേവന്റെ വാക്കുകൾ ഇന്നേറെ പ്രസക്തമാണെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അയിരൂർ പമ്പാ മണൽപ്പുറത്ത് നടന്നുവന്ന 114-ാമത് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ 73 വർഷത്തെ ദീപ്തമായ ജീവിതത്തിലും 62 ഓളം കൃതികളിലും സനാതന ധർമ്മത്തിന് വിരുദ്ധമായി ഒന്നുമില്ല. മനുഷ്യരിലും സർവ ചരാചരങ്ങളിലും കുടികൊള്ളുന്ന ഈശ്വരനെയാണ് സനാതന ധർമ്മം മുന്നോട്ടു വയ്ക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.
സനാതന ധർമ്മത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതിലെ ബഹുസ്വരതയെ ഇല്ലാതാക്കാൻ ശ്രമം ഉണ്ടാകുന്നുണ്ടെന്ന് വിഷിഷ്ടാതിഥിയായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും എന്നാൽ ഹിന്ദുക്കൾ മതവിവേചനം നേരിടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ നാട്ടിലുള്ളതെന്ന് മുഖ്യാതിഥിയായിരുന്ന മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.
ഏഷ്യാനെറ്റ് എക്സി. എഡിറ്റർ പി.ജി.സുരേഷ് കുമാർ, വിദ്യാധിരാജാ ഗുരുകുലം ഡയറക്ടർ ഹരികൃഷ്ണൻ ഹരിദാസ് എന്നിവരെ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ആദരിച്ചു. തിരുവല്ല അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ സമാപന സന്ദേശം നൽകി. കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമിനി കൃഷ്ണാനന്ദ പൂർണിമ, ശിവഗിരി മഠത്തിലെ സ്വാമി ദേവാത്മാനന്ദ സരസ്വതി, ഇടപ്പാവൂർ വിദ്യാധിരാജ തീർത്ഥപാദാശ്രമത്തിലെ സ്വാമി സർവാത്മാനന്ദ തീർത്ഥപാദർ, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി അഡ്വ. ഡി.രാജഗോപാൽ, ജനറൽ സെക്രട്ടറി എ.ആർ വിക്രമൻ പിള്ള എന്നിവർ സംസാരിച്ചു.