നഷ്ടപരിഹാരം കുറവ്, വിള ഇൻഷ്വറൻസ് രജിസ്ട്രേഷൻ കുറയുന്നു
തിരുവനന്തപുരം: കൃഷിനാശത്തിന് അനുവദിക്കുന്ന ഇൻഷ്വറൻസ് തുകയിൽ വർദ്ധനവ് ഇല്ലാത്തതിനാൽ വിള ഇൻഷ്വറൻസിന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിലാണ് കുറവുള്ളത്. 2024-25 ൽ 2,07,302 കർഷകർ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്ത് 2025-26 ൽ 1,69,832 പേരേയുള്ളൂ. 37,740 കർഷകരുടെ കുറവാണുള്ളത്. തൊട്ടുമുൻപുള്ള വർഷത്തിലും സമാനമായ കുറവുണ്ട്. സംസ്ഥാനത്ത് 20 ലക്ഷം കർഷകരുണ്ടെന്നാണ് കണക്ക്.
മരച്ചീനിക്ക് ഹെക്ടറൊന്നിന് പതിനായിരം രൂപയും കറയെടുക്കുന്ന റബർ മരത്തിന് ആയിരം രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 150-50 രൂപയുമാണ് നഷ്ടപരിഹാരം.
വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ പോലും ഇൻഷ്വറസ് പദ്ധതിയിൽ പങ്കാളിയാകുന്നില്ല. കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ കൃഷി ഓഫീസർമാർ താല്പര്യമെടുക്കാത്തതും മറ്റൊരു കാരണമാണ്. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ കൂടുതൽ വിളകൾ ഉൾപ്പെടുത്തിയും നഷ്ടപരിഹാരത്തുകവർദ്ധിപ്പിച്ചും പദ്ധതി ആകർഷകമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വർഷം ------------------സംസ്ഥാന വിള ഇൻഷ്വറൻസസ് പദ്ധതി
2021-22 --------------------------------- 1,27,812 2022-23--------------------------------- 2,39,826 2023-24--------------------------------- 2,27,171 2024-25---------------------------------- 2,07,302 2025-26 ---------------------------------1,69,832