ഓർമ്മകളിൽ മായാതെ പാനൂസകൾ
പൊന്നാനി : സവിശേഷമായ ഒരു പാട് ഓർമ്മകൾ കൂടിയാണ് പൊന്നാനിക്ക് പെരുന്നാൾ ദിനങ്ങൾ. നിറയെ നിറങ്ങൾ വിടരുന്ന പാനൂസ് വിളക്കുകളും വെടിയൊച്ച നിറയ്ക്കുന്ന മുത്താഴക്കുറ്റിയും ഓർമ്മകളിൽ നിറയുന്ന പീലൂത്തും എല്ലാം അവയിൽ ചിലതു മാത്രം. രാത്രി വൈകുവോളം പൊന്നാനിയിലെ തെരുവുകളിൽ സൗഹൃദങ്ങളും സംസാരങ്ങളും പ്രാർത്ഥനകളും മറ്റുമായി ആളുകൾ നിറയും.പാനൂസ് വിളക്കുകൾ ഒരു കാലത്തെ പൊന്നാനിയുടെ നോമ്പുദിനങ്ങളിൽ ഒഴിവാക്കാനാവാത്തതായിരുന്നു. ബഹുവർണ്ണ നിറമുള്ള കടലാസുകൾ ഉപയോഗിച്ച് വിമാനത്തിന്റെയും കപ്പലിന്റെയും മറ്റുംആകൃതിയിൽ നിർമ്മിക്കുന്ന രൂപങ്ങളിൽ വെളിച്ചം നിറയ്ക്കുമ്പോൾ ഉണ്ടാകുന്ന മനോഹരദൃശ്യങ്ങൾ ഇന്നും പൊന്നാനിക്കാരുടെ മനസ്സിലുണ്ട്.അന്ന് പലയിടത്തും ഓലവീടുകൾ ആയിരുന്നു. തെരുവ് വിളക്കുകളും കുറവായിരുന്നു. ഇരുട്ടിൽ മനോഹാരിത വിതറിയും വഴികാട്ടിയുമായി പാനൂസകൾ നിലനിന്നിരുന്നു. നിലവിൽ പാനൂസ് വിളക്കുകളുടെ ഓർമ്മകൾ നിറയ്ക്കുന്ന സാംസ്കാരിക കൂട്ടായ്മ പൊന്നാനിയിൽ പെരുന്നാൾ നാളുകളിൽ നഗരസഭ മുൻകൈയെടുത്ത് നടത്താറുണ്ട്.ഇന്ന്പാനൂസക്കാഴ്ചകൾ കുറവാണെങ്കിലും പൊന്നാനിയുടെ ഹൃദയഭാഗങ്ങളിൽ പാനൂസ് വെളിച്ചം പെരുന്നാൾ നാളുകളിൽ കാണാം.
മുത്താഴക്കുറ്റിയും പീലൂത്തും
- മുത്താഴക്കുറ്റികളും പൊന്നാനിക്ക് മറക്കാനാവാത്ത ഓർമ്മയാണ്.
- തറാവീഹ് നിസ്ക്കാരം കഴിഞ്ഞാൽ ചെറിയ മൂപ്പെത്തിയ മുള നീളത്തിൽ കെട്ടി പിന്നീട് മണ്ണെണ്ണ ഒഴിച്ചു ചൂടാക്കിയ കുറ്റിയിൽ തിരി ചൂടാക്കി ഇട്ടാൽ ഉണ്ടാകുന്ന ശബ്ദം പൊന്നാരിയുടെ തെരുവോരങ്ങളിൽമുഴങ്ങിയിരുന്നു.
- ഒറ്റകാഴ്ചയിൽ പഴയ പീരങ്കിയുടെ രൂപം പോലെ തോന്നുന്ന ഇത്തരം മുത്താഴകുറ്റികൾ ഇന്നത്ര സജീവമല്ല.
- നോമ്പ് തുറയ്ക്കും ഒപ്പം അത്താഴ സമയത്തും മുഴങ്ങിയിരുന്ന നഗരസഭയുടെ അലാറമാണ് പീലൂത്ത് . പിന്നീടിത് ക്രമേണ ഇല്ലാതായി. പിന്നീട് നഗരസഭ മുൻകൈയെടുത്ത്ഇത് പുനരാവിഷ്കരിച്ചിരുന്നു.