റിമാൻഡ് പ്രതിയുടെ പേരിൽ ഹൈക്കോടതിയിൽ അപേക്ഷ: ഗൂഢാലോചന കൊച്ചിയിലെ ലോഡ്ജിൽ

Monday 23 February 2026 3:04 AM IST

കേസ് സെൻട്രൽ പൊലീസിന് കൈമാറി

കൊച്ചി: ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ പേരിൽ വ്യാജ ഒപ്പിട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകിയ കേസ് എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഹിൽപാലസ് പൊലീസാണ് ആദ്യം കേസെടുത്തത്. വ്യാജ ഒപ്പിടാനുള്ള ഗൂഢാലോചന നടന്നത് ഹൈക്കോടതിക്ക് സമീപത്തെ മത്തായി മാഞ്ഞൂരാൻ റോഡിലെ മുസ്ലിം പള്ളിക്കടുത്ത ലോഡ്ജ് കേന്ദ്രീകരിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുടരന്വേഷണം സെൻട്രൽ പൊലീസിന് കൈമാറിയതെന്ന് ഹിൽപാലസ് പൊലീസ് പറഞ്ഞു. കേസിൽ ഹൈക്കോടതി അഭിഭാഷകനുൾപ്പെടെ പ്രതികളാണ്.

ഓൺലൈൻ തട്ടിപ്പ് കേസുകളിൽ പിടിയിലായി കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന പോത്താനിക്കാട് സ്വദേശി ആദിൽകുമാറിന്റെ (25) പേരിലാണ് വ്യാജ ഒപ്പുകളിട്ട അപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇയാൾക്കൊപ്പം കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇടുക്കി സ്വദേശികളായ മുഹമ്മദ് യാസിനും മുഹമ്മദ് റെസലും ചേർന്നാണ് വ്യാജ അപേക്ഷ തയ്യാറാക്കിയത്. ആദിൽകുമാർ അറസ്റ്റിലായപ്പോൾ ഇയാളുടെ പേരിൽ രണ്ട് കോടി രൂപയുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇവ പുനരുജ്ജീവിപ്പിച്ച് (ഡീ ഫ്രീസ്) പണം പിൻവലിക്കാൻ അനുമതി തേടിയാണ് കൂട്ടുപ്രതികൾ ആദിൽകുമാറിന്റെ വ്യാജ ഒപ്പിട്ട് അഭിഭാഷകൻ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

അപേക്ഷയിൽ ഹൈക്കോടതി ഹിൽപാലസ് പൊലീസിന്റെ വിശദീകരണം തേടിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2025 സെപ്തംബറിലാണ് ആദിൽകുമാർ അറസ്റ്റിലായത്. നവംബർ 9നാണ് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത്.

റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ കോടതിയിൽ അപേക്ഷ സമ‌ർപ്പിക്കാൻ സാധിക്കൂ. ഇങ്ങനെയൊരു അനുമതി തേടിയിട്ടില്ലെന്ന് സൂപ്രണ്ട് സ്ഥിരീകരിച്ചതോടെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ ഹിൽപാലസ് പൊലീസ് ആദിൽകുമാറിന്റെ മൊഴി രേഖപ്പെടുത്തി. കോടതിക്ക് അപേക്ഷ നൽകിയിട്ടില്ലെന്നും കൂട്ടുപ്രതികളാണ് പിന്നിലെന്നും ആദിൽകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിഭാഷകനായ റിൻഷാദും കേസിൽ പ്രതിയാണ്. സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം.