നവീകരിച്ച സ്റ്റേഡിയത്തിൽ വെള്ളച്ചാട്ടം
കൊച്ചി: കോടികൾ മുടക്കി നവീകരിച്ച കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ശനിയാഴ്ച രാത്രി പെയ്ത ഒറ്റ മഴയിൽ ചോർന്നു. സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടെയും സ്പോൺസറുടെയും നവീകരണ വീരവാദം വീണ്ടും സംശയമുനയിലായി. മേൽക്കൂരയിൽനിന്ന് ഗാലറിയിലെ ഇരിപ്പിടങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ട്രോളുകൾക്കും വഴിതുറന്നു. ഇന്നലെ ബ്ലാസ്റ്റേഴ്സ് - മുംബയ് സിറ്റി എഫ്.സി. മത്സരത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്താൻ എത്തിയ ജീവനക്കാരാണ് മേൽക്കൂര ചോർന്നൊലിക്കുന്ന കാഴ്ച കണ്ടത്.
സാക്ഷാൽ ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന ഫുട്ബോൾ ടീമിന്റെ വരവിന്റെ പേരിൽ സ്പോൺസർ നടത്തിയ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് സ്റ്റേഡിയത്തിൽ ചോർച്ച കണ്ടെത്തിയത്. 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നായിരുന്നു സ്പോൺസറുടെ അവകാശവാദം. ടീം വരില്ലെന്ന് വ്യക്തമായതോടെ നവീകരണ ജോലികൾ പാതിവഴിയിൽ നിർത്തി.