ഇംഗ്ലീഷ് പരീക്ഷയിൽ എട്ട് നിലയിൽ പൊട്ടി ലങ്ക
ട്വന്റ-20 ലോകകപ്പ്: സൂപ്പർ എട്ടിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ കീഴടക്കി
പല്ലെക്കിലെ: ട്വന്റി-20 ലോകകപ്പിൽ ഇന്നലെ നടന്ന സൂപ്പർ 8 ഗ്രൂപ്പ് 2ലെ പോരാട്ടത്തിൽ ഇംഗ്ലണ്ട് 51 റൺസിന് ശ്രീലങ്കയെ കീഴടക്കി. ബൗളർമാർ നിറഞ്ഞാടിയ പല്ലെക്കിലെയിലെ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്ര് നഷ്‌ടത്തിൽ നേടിയത് 146 റൺസാണ്.തുടർന്ന് അനായാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ശ്രീലങ്കയെ 16.4 ഓവറിൽ വെറും 95 റൺസിൽ ഒതുക്കിയാണ് ഇംഗ്ലണ്ട് നിർണായക ജയം സ്വന്തമാക്കിയത്.
ജാക്ക്‌സാണ് താരം
മിന്നും ഫോമിലുള്ള വിൽ ജാക്ക്‌സാണ് ലങ്കൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. 3 വിക്കറ്റാണ് ജാക്ക്സ് സ്വന്തമാക്കിയത്. ഫീൽഡിംഗിലും താരം മിന്നി. 14 പന്തിൽ 21 റൺസ് നേടി ഇംഗ്ലീഷ് ഇന്നിംഗ്സിൽ ബാറ്റുകൊണ്ടും നിർണായക സംഭാവന നൽകിയ ജാക്ക്‌സ് തന്നെയാണ് കളിയിലെ താരം.
ജോഫ്ര ആർച്ചർ, ലിയാം ഡോസൺ, ആദിൽ റഷീദ് എന്നിവർ ഇംഗ്ലണ്ടിനായി 2 വിക്കറ്റ് വീതം വീഴ്‌ത്തി. ഒരു ഘട്ടത്തിൽ 34/5 എന്ന നിലയിലായിരുന്നു ലങ്ക. ക്യാപ്‌ടൻ ഡസുൻ ഷനാകയ്ക്ക് (24 പന്തിൽ 30) മാത്രമാണ് ലങ്കൻ ബാറ്റർമാരിൽ പിടിച്ചുനിൽക്കാനായുള്ളൂ.
നേരത്തെ ഓപ്പണർ ഫിൽ സാൾട്ടിന്റെ (40 പന്തിൽ 62) അർദ്ധ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. ധുനിത് വെല്ലാലഗെ 3 വിക്കറ്റ് വീഴ്‌ത്തി.