സ്കൂളിൽ തീപിടിത്തം, നിർത്തിയിട്ടിരുന്ന മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്കൂൾ പരിസരത്ത് ബസുകൾ കത്തിനശിച്ചു. ചേങ്കോട്ടുകോണം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് സംഭവം. സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളും ഒരു ട്രാവലറുമാണ് പൂർണമായും അഗ്നിക്കിരയായത്. ഒരു ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തി തീയണച്ചു.
ബസുകൾക്ക് ആരോ മനഃപൂർവം തീയിട്ടതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാരണം സ്കൂൾ ഗ്രൗണ്ടിൽ മറ്റൊരിടത്ത് നിർത്തിയിട്ടിരുന്ന ട്രാവലർ സ്കൂൾ ബസുകളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ഇക്കാര്യം സെക്യൂരിറ്റി സ്ഥിരീകരിച്ചു. മറ്റൊരു ബസ് പകുതി കത്തിപ്പോയ നിലയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദീരീകരിച്ചാണ് അന്വേഷണം നടക്കുന്നത്.