ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം; തൃശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ ബിജെപി, പാലക്കാട് ശോഭ സുരേന്ദ്രൻ

Monday 23 February 2026 11:49 AM IST

തിരുവനന്തപുരം: തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥി എന്ന ലേബലിൽ തന്നെയായിരിക്കും പത്മജയെ തൃശൂരിൽ എത്തിക്കുന്നത്. എ ക്ലാസ് മണ്ഡലമായി ബിജെപി എല്ലാ കാലത്തും പരിഗണിക്കുന്ന സീറ്റാണ് തൃശൂർ.

നേരത്തെ പത്മജയെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചത്. എന്നാൽ ഇപ്പോൾ തൃശൂരിൽ ശക്തയായ ഒരു സ്ഥാനാർത്ഥി വേണമെന്ന ആവശ്യം മുൻനിർത്തിയാണ് ബിജെപിയുടെ നീക്കം. പിന്നിൽ നിന്ന് കുത്തിയവരുടെയും കാലു വാരിയവരുടെയും പേരെടുത്തു പറഞ്ഞാണ് 2024 മാർച്ച് ഏഴിന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രകാശ് ജാവദേക്കറിൽ നിന്ന് പത്മജാ വേണുഗോപാൽ അംഗത്വം സ്വീകരിച്ചത്.

ഒസ്യത്ത് പ്രകാരം കെ കരുണാകരന്റെ സ്മൃതികുടീരമിരിക്കുന്ന മുരളീ മന്ദിരത്തിന്റെ അവകാശിയാണ് പത്മജയെങ്കിലും കരുണാകരനെ ആഘോഷിച്ച തൃശൂരുകാർ പത്മജയ്ക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനൊരവസരം നൽകിയിട്ടില്ല. സുരേഷ് ഗോപിയുടെ അപ്രതീക്ഷിത എൻട്രിയിലാണ് കഴിഞ്ഞ തവണ 946 വോട്ടുകൾക്ക് പത്മജ വീണത്. ഇത്തവണ തൃശൂരിൽ പത്മജയെ പിന്തുണയ്ക്കാൻ സുരേഷ് ഗോപി എത്തുമെന്നതാണ് മറ്റൊരു കൗതുകം.

അതേസമയം, ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലടക്കം ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനുമാണ് സാദ്ധ്യത. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട് കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്.