'തന്ത്രിയെ അറസ്റ്റ് ചെയ്‌‌തത് എന്തിനെന്ന് വ്യക്തമാക്കണം,​ തെളിവില്ലെങ്കിൽ എന്തിന് ജയിലിലിട്ടു?'

Monday 23 February 2026 11:54 AM IST

ഇടുക്കി: ശബരിമല സ്വർണകൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിൽ സർക്കാരിനും പ്രത്യേക അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെയാണ് തന്ത്രിയെ 40 ദിവസം ജയിലിലിട്ടതെന്ന് കോടതി വിധിയിലൂടെ വ്യക്തമായതായി വിഡി സതീശൻ പറഞ്ഞു. ഇടുക്കിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുൻ മന്ത്രിയെയോ നിലവിലെ മന്ത്രിയെയോ അറസ്റ്റ് ചെയ്താലും അതിന്റെ കാരണം പൊതുജനങ്ങളോട് പറയാൻ അന്വേഷണ സംഘത്തിന് ബാധ്യതയുണ്ട്. ജനുവരി 11ലെ റിമാൻഡ് റിപ്പോർട്ട് തന്നെ തൃപ്തികരമല്ലായിരുന്നു. 40 ദിവസത്തെ ജയിൽവാസത്തിന് ശേഷം തെളിവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോൾ അത് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രെഡിറ്റ് ആണെന്നാണ് സിപിഎം സൈബർ ഇടങ്ങൾ ആഘോഷിച്ചത്. തന്ത്രിയെ വരെ ജയിലിലാക്കിയ കരുത്തനായ മുഖ്യമന്ത്രി എന്ന് പ്രകീർത്തിച്ചവർ ഇപ്പോൾ എവിടെപ്പോയി'-​ സതീശൻ ചോദിച്ചു.

'മൂന്ന് പ്രധാന സിപിഎം നേതാക്കൾ സ്വർണ മോഷണക്കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയത്താണ് തന്ത്രിയെ ലക്ഷ്യമിട്ട് അന്വേഷണം തിരിച്ചുവിട്ടത്. ഇതിൽ അന്നുതന്നെ സംശയമുണ്ടായിരുന്നു. മന്ത്രിമാർക്കോ തന്ത്രിമാർക്കോ പ്രത്യേക പരിരക്ഷ വേണ്ടതില്ല, എന്നാൽ ഒരു സാധാരണ പൗരന് ലഭിക്കേണ്ട സ്വാഭാവിക നീതിയും സംരക്ഷണവും തന്ത്രിക്ക് ലഭിച്ചില്ല. തെളിവില്ലാതെ ഒരാളെ 40 ദിവസം ജയിലിലിടുന്നത് നീതികേടാണ്'-​ അദ്ദേഹം ചൂണ്ടിക്കാട്ടി.