വൈറലാകാൻ വേണ്ടി ക്രൂരത, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബിയറും സിഗരറ്റും നൽകി യുവാവ്
ജയ്പൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബിയറും സിഗരറ്റും നൽകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള വീഡിയോ എപ്പോൾ എവിടെ വച്ച് പകർത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.
ബൈക്കിലിരിക്കുന്ന യുവാവ് തന്റെ കൂടെയുള്ള ചെറിയ കുട്ടിക്ക് ബിയർ കാനും സിഗരറ്റും നൽകുന്നതാണ് വീഡയോയിലുള്ളത്. കുട്ടി ബിയർ കുടിക്കുന്നതും സിഗരറ്റ് വലിച്ച് ചുമയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലഹരിവസ്തുക്കൾ നൽകുക വഴി ഗുരുതരമായ കുറ്റകൃത്യമാണ് യുവാവ് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചിരിക്കുന്നത്.
'ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. കുട്ടികൾ സോഷ്യൽ മീഡിയയിലെ കാഴ്ചവസ്തുക്കളല്ല'- ഒരാൾ കമന്റു ചെയ്തു. 'ലൈക്കിനും വ്യൂവ്സിനും വേണ്ടി എന്തു ക്രൂരതയും ചെയ്യാൻ മടിക്കാത്തവരായി ആളുകൾ മാറിയിരിക്കുന്നു'- മറ്റൊരാൾ കമന്റ് ചെയ്തു. ഇന്നത്തെ കാലത്ത് യുവാക്കളുടെ റീൽ മോഹമാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെന്ന് പലരും കുറ്റപ്പെടുത്തി. അതേസമയം, വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചും രംഗത്തെത്തി.