ഓഹരി വിപണിയിൽ ആവേശം

Tuesday 24 February 2026 12:27 AM IST

കൊച്ചി: അമേരിക്കയിലെ പകരച്ചുങ്ക യുദ്ധത്തിൽ ഡൊണാൾഡ് ട്രംപ് ദുർബലനായതോടെ ഓഹരി, സ്വർണ വിപണികളിൽ മികച്ച മുന്നേറ്റം. പകരച്ചുങ്കം അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയതും വിധി മറികടക്കാൻ ഡൊണാൾഡ് ട്രംപ് 122ാം വകുപ്പനുസരിച്ച് 180 ദിവസത്തേക്ക് 15 ശതമാനം പുതിയ തീരുവ ഏർപ്പെടുത്തിയതും അനുകൂലമാകുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. സെൻസെക്സ് ഇന്നലെ 479.95 പോയിന്റ് നേട്ടവുമായി 83,294.66ൽ അവസാനിച്ചു. നിഫ്‌റ്റി 141.75 പോയിന്റ് ഉയർന്ന് 25,713ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളിലും മുന്നേറ്റമുണ്ടായി. വാഹന, എഫ്.എം.സി.ജി, പൊതുമേഖല ബാങ്കുകൾ എന്നിവയിൽ മികച്ച നിക്ഷേപ ഒഴുക്കുണ്ടായി.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 57 ഡോളർ വർദ്ധിച്ച് 5,165 ഡോളറിലെത്തി. കേരളത്തിൽ പവൻ വില രാവിലെ 1,520 രൂപ വർദ്ധിച്ച് 1,18,320 രൂപയിയായി. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന് 800 രൂപ കുറഞ്ഞ് വില 1,17,520 രൂപയിലെത്തി. വെള്ളി വില കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപയിലേക്ക് ഉയർന്നു.