കൊച്ചി ഷിപ്പ്‌യാർഡിന് ദേശീയ മാനേജ്മെന്റ് പുരസ്‌കാരം
കൊച്ചി: ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ (എ.ഐ.എം.എ) ലീഡർഷിപ്പ് എക്‌സലൻസ് അവാർഡുകളിൽ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്‌കാരം കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് ലഭിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനിൽ നിന്ന് ഷിപ്പ്‌യാർഡ് ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ്. ഹരികൃഷ്ണൻ സ്വീകരിച്ചു. കപ്പൽ നിർമ്മാണ മേഖലയിലെ മികവ്, തന്ത്രപരമായ നേതൃത്വം, ഭരണനിർവഹണം, സുസ്ഥിരവളർച്ച എന്നിവയിലെ പ്രകടനമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. കപ്പൽശാലയുടെ പങ്കാളികൾ, ജീവനക്കാർ, സഹപ്രവർത്തകർ എന്നിവരുടെ പിന്തുണയും സഹകരണവുമാണ് നേട്ടത്തിന് പിന്നിലെന്ന് ഡോ. ഹരികൃഷ്ണൻ പറഞ്ഞു. ഗുണമേന്മ, സുരക്ഷ, സുസ്ഥിരത, പങ്കാളികളുടെ മൂല്യം, രാജ്യനിർമ്മാണം എന്നിവയിലെ സ്ഥിരതയാർന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണ് അംഗീകാരം. വാണിജ്യ, പ്രതിരോധവുമായ മേഖലകൾക്കായി കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി വ്യവസായത്തിലെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതാണ് പുരസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു.