മകള്‍ വിദേശത്ത് ഹോട്ടലില്‍ ജോലി ചെയ്യുന്നു, അഭിമാനമെന്ന് ഷെഫ് സുരേഷ് പിള്ള

Monday 23 February 2026 9:34 PM IST

മലയാളികള്‍ക്ക് സുപരിചിതനാണ് സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ള. ഹോട്ടല്‍ വ്യവസായ മേഖലയിലാണ് ഇപ്പോള്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ കൊണ്ട് നിരവധി ഭക്ഷണപ്രിയരെ ആരാധകരാക്കി മാറ്റാനും സുരേഷ് പിള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം മകളുടെ ജോലി സംബന്ധിച്ച് അദ്ദേഹം പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് പകരം ഹോട്ടല്‍ ജോലി ചെയ്യാന്‍ പറഞ്ഞതിനേക്കുറിച്ചാണ് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

മകള്‍ ഐശ്വര്യ ലണ്ടനിലെ ഹോട്ടലില്‍ വെയ്ട്രസായി ജോലി ചെയ്യുകയാണെന്ന് വ്യക്തമാക്കുന്ന സുരേഷ് പിള്ള ഇതിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. എല്ലാ രക്ഷിതാക്കളും തങ്ങളുടെ ഭാവി സുരക്ഷിതമാക്കണം എന്ന് തന്നെയാകും ചിന്തിക്കുക. ഒരു ഡിഗ്രി, മികച്ച ഒരു കരിയര്‍ നല്ലൊരു ഭാവി എന്നതായിരിക്കും ഏതൊരു രക്ഷിതാവും ചിന്തിക്കുക. നാട്ടിലേക്ക് മടങ്ങുന്നത് വരെ മകള്‍ ഐശ്വര്യ ലണ്ടനിലാണ് പഠിച്ചത്. കേരളത്തിലേക്ക് വന്നതിന് ശേഷം പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി.

ഇതിന് ശേഷം എഞ്ചിനീയറിംഗിന് പോകുന്നതിനായി എന്‍ട്രന്‍സിന് തയ്യാറെടുത്തു. എന്നാല്‍ പരീക്ഷാഫലം പ്രതീക്ഷിച്ചത് പോലെ മെച്ചപ്പെട്ടതായില്ല, ഇതോടെ ഒരിക്കല്‍ക്കൂടി ശ്രമിക്കട്ടേയെന്ന് മകള്‍ ചോദിച്ചുവെന്നും സുരേഷ് പിള്ള പറയുന്നു. അങ്ങനെയാകട്ടെ എന്ന് പറയുന്നതിന് പകരം മറ്റൊന്നാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഒരു വര്‍ഷത്തെ ഇടവേളയെടുത്ത് യു.കെയിലേക്ക് പോയി ഒരു ജോലി ചെയ്യാനും ജീവിതം ആസ്വദിക്കാനുമാണ് മകളോട് ഷെഫ് പിള്ള പറഞ്ഞത്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ലണ്ടനിലേക്ക് തിരികെ പോയ മകള്‍ ഇപ്പോള്‍ അവിടെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെയ്ട്രസായി ജോലി ചെയ്യുകയാണെന്നു വെളിപ്പെടുത്തിയ അദ്ദേഹം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹോട്ടലിലെ വെയ്റ്ററായി ജോലി ആരംഭിച്ച കാര്യവും ഓര്‍ത്തെടുത്തു. അന്ന് തനിക്ക് ജീവിതത്തിലെ വലിയ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും ചില കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ അല്ല മറിച്ച് ജീവിതത്തില്‍ നിന്നാണ് പഠിക്കാന്‍ കഴിയുകയെന്നും അദ്ദേഹം കുറിച്ചു.

ഷെഫ് പിള്ളയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ