സേഫ് സോണിൽ നിന്ന് പറന്നുയർന്നത് പൈലറ്റാകാൻ
തൊടുപുഴ: ഐ.ടി കമ്പനിയായ ഐ.ബി.എസിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പൈലറ്റാകാനുള്ള തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തൊടുപുഴ വണ്ടമറ്റം സ്വദേശിയും സ്വകാര്യ എയർലൈൻസ് സീനിയർ ക്യാപ്ടനുമായ ശരത് മാനുവൽ. വലിയ റിസ്കുകൾ ഇച്ഛാശക്തിയുണ്ടെങ്കിൽ മറികടക്കാമെന്ന സന്ദേശമാണ് ഈ 35കാരന്റെ ജീവിതം. 2013ൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ എൻജിനിയറിംഗ് പൂർത്തിയാക്കി 22-ാമത്തെ വയസിൽ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ചെന്നൈയിൽ ജോലിക്ക് കയറിയെങ്കിലും പൈലറ്റാകണമെന്ന ആഗ്രഹം തീവ്രമായതോടെ ജോലി ഉപേക്ഷിച്ചു. ഒരു പരിചയവും ഇല്ലാത്ത പുതിയ മേഖല തിരഞ്ഞെടുക്കാൻ ധൈര്യം പകർന്നത് പിതാവ് പന്തയ്ക്കൽ മാനുവലും അമ്മ ലില്ലിയുമായിരുന്നു. 2014ൽ യു.എസിലെ ഫെഡറൽ ഏവിയേഷന് കീഴിലായിരുന്നു കൊമേഴ്സ്യൽ പൈലറ്ര് ട്രെയിനിംഗ്. എട്ട് മാസത്തെ പഠനത്തിന് ശേഷം ക്ലാസ്- 1, ക്ലാസ്- 2 എന്നീ കർശന മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് ലൈസൻസ് അനുവദിച്ചത്. ഫ്ലൈയിംഗ് സ്കൂളും യു.എസായിരുന്നു. 10 വർഷമായി പൈലറ്റാണ്. പഠിച്ചിറങ്ങിയ 2016ൽ ആദ്യമായി ഫ്ലൈറ്റ് പറത്തിയത് ചെന്നൈയിൽ നിന്ന് മുംബൈയിലേക്കും. നിലവിൽ കൊച്ചിയിലാണ് ജോലി. കൽപ്പറ്റ, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഭാര്യ: അന്ന തെരേസ് സ്കറിയ.മകൻ:ഇസാക്ക് ആൻ ശരത്.
എങ്ങനെ പൈലറ്റാകാം
പത്താംക്ലാസ്, പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മിനിമം 50 ശതമാനം മാർക്കോടെ പാസായവർക്ക് കോഴ്സിൽ ചേരാം. യു.പിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ അർബൻ അക്കാഡമി, കേരള സർക്കാരിന് കീഴിൽ തിരുവനന്തപുരം രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്നോളജി, മദ്ധ്യപ്രദേശ് ഫ്ളൈയിംഗ് ക്ലബ് എന്നിവ കോഴ്സ് പഠിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങളാണ്. യു.പിയിലെ അക്കാഡമിയിൽ ഏപ്രിലിലാണ് എൻട്രൻസ് എക്സാം. ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാൽ നടപടിക്രമങ്ങൾ അറിയാം. സ്വകാര്യമേഖലയിലും യു.എസ്, ഓസ്ട്രേലിയ അടക്കമുള്ള നിരവധി വിദേശരാജ്യങ്ങളിലും കോഴ്സുണ്ട്. കോഴ്സിന് 70 ശതമാനം മാർക്ക് നേടിയാലാണ് പൈലറ്റാകുക. ഇന്ത്യയിലാണ് പഠിക്കുന്നതെങ്കിൽ 200ഉം വിദേശത്താണെങ്കിൽ 250 മണിക്കൂറും പറക്കൽ പരിശീലനം 12- 24 മാസക്കാലയളവിനുള്ളിൽ പൂർത്തിയാക്കണം. 3 ഘട്ടങ്ങളായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക്ക് ശേഷമാണ് ലൈസൻസ് നൽകുക.
ഫീസ് ഘടന
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് 44 - 60 ലക്ഷമാണ് ഫീസ്. ലൈസൻസിന് പുറമെ വലിയ വിമാനങ്ങളിലെ പറക്കൽ പരിശീലനമായ ടൈപ്പ് റേറ്രിംഗിന് 15 -25 ലക്ഷമാകും. ഇപ്പോൾ പല ബാങ്കുകളും വായ്പ നൽകാറുണ്ട്.
മാതൃഭാഷയോട് നിറയെ സ്‌നേഹം
വിമാനത്തിൽ കയറുന്ന മലയാളികളോട് മാതൃഭാഷയിൽ വിശേഷങ്ങൾ ചോദിക്കുന്ന ശരത് ഇതിനോടകം സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധേയനാണ്. കോഴ്സിന്റെ സാദ്ധ്യതകളെപ്പറ്റി ആര് ചോദിച്ചാലും ശരത് തന്റെ ജീവിതം തന്നെ ഉദാഹരണമാക്കി മറുപടി നൽകും. അഭിരുചിയുള്ള ആർക്കും പൈലറ്റാകാം. ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ജോലിക്ക് അർപ്പണ മനോഭാവം പ്രധാനമാണ്. ഈ തിരിച്ചറിവ് പകരാനായാണ് തന്റെ അറിവും അനുഭവവും ശരത് പങ്കുവയ്ക്കുന്നത്.