തിരഞ്ഞെടുപ്പെത്തി, ജില്ലയിൽ ഉദ്ഘാടന മാമാങ്കം

Tuesday 24 February 2026 12:02 AM IST

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിനിൽക്കെ ജില്ലയിൽ വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ പൊടിപൊടിക്കുന്നു. ഇന്നലെ ചെറുതും വലുതുമായ എട്ട് ഉദ്ഘാടനങ്ങളാണ് നടന്നത്.

ഇന്ന് മൂന്നെണ്ണം

1. രാവിലെ 9.30ന് ഡിപ്പോപ്പടി ചെങ്ങറമുക്ക് റോഡാണ് ആദ്യം ഉദ്ഘാടനം. കോർണർ സ്റ്റോൺ സ്‌കൂൾ അങ്കണത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷരായ ശശികല രാജശേഖരൻ, ഉഷാ കേശവൻ, ത്രിതല പഞ്ചായത്തംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

നിലവാരം- ബി.എം&ബി.സി

ചെലവ് ₹ 2.5 കോടി

2. വൈകിട്ട് 5ന് കീഴ്വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പാറക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ശിലാഫലകം അനാച്ഛാദനവും സമ്മേളന ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിക്കും. മാത്യു.ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. മണിമലയാറിന് കുറുകെ കീഴ്വായ്പൂര് പരിയാരം കരയെ ബന്ധിപ്പിക്കുന്നതാണ് പാലം.

കിഫ്ബി ഫണ്ട്

₹11.79 കോടി

3. കോഴഞ്ചേരി ജില്ലാ ആശുപത്രി ഒ.പി ആൻഡ് ഡയഗ്‌നോസ്റ്റിക് ബ്ലോക്ക്, എ ആൻഡ് ബി ബ്ലോക്ക് നവീകരണം, വന്ധ്യതാ നിവാരണ ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം വൈകിട്ട് 6ന് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ.എൻ.ഖൊബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി എന്നിവർ മുഖ്യാതിഥികളാകും.

ഒ.പി, ഡയഗ്‌നോസ്റ്റിക് ബ്ലോക്ക്

കിഫ്ബി ഫണ്ട് ₹ 30.25 കോടി

എ ആൻഡ് ബി ബ്ലോക്ക് നവീകരണം

₹ 3 കോടി (ആരോഗ്യ കേരളം പദ്ധതി)