തീരദേശ സൈക്കിൾ റാലി പിന്നിട്ടത് 6,553 കിലോമീറ്റർ
കൊച്ചി: കേന്ദ്ര വ്യവസായ സംരക്ഷണസേന (സി.ഐ.എസ്.എഫ് ) രാജ്യത്തിന്റെ പൂർവ, പശ്ചിമ തീരപ്രദേശങ്ങളിലൂടെ സംഘടിപ്പിച്ച സൈക്കിൾ റാലി പിന്നിട്ടത് 6,553 കിലോമീറ്റർ. 130 സംഘാംഗങ്ങളിൽ പകുതിയിലേറെ വനിതകൾ. 25 ദിവസം നീണ്ട റാലി കൊച്ചിയിൽ സമാപിച്ചു.
ജനുവരി 28ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേമാതരം തീരദേശ സൈക്കിൾറാലി 'സുരക്ഷിത തീരം, സമൃദ്ധ ഭാരതം' എന്ന പ്രമേയവുമായാണ് പ്രയാണം ആരംഭിച്ചത്.
തീരം വഴിയുള്ള കള്ളക്കടത്ത്, നുഴഞ്ഞുകയറ്റം തുടങ്ങിയ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ബോധവത്കരണ പരിപാടികളും റാലി അംഗങ്ങൾ സംഘടിപ്പിച്ചു. 52 തീരദേശ ഗ്രാമങ്ങളിൽ സമ്പർക്കം നടത്തി. തേവര എസ്.എച്ച് കോളേജ് ഗ്രൗണ്ടിൽ നടന്ന സമാപനത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ മുഖ്യാതിഥിയായി. സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ പ്രവീർ രഞ്ജൻ പങ്കെടുത്തു.
ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മേജർ രവി, വിജയ് ബാബു, പ്രയാഗ മാർട്ടിൻ, മാനസ രാധാകൃഷ്ണൻ, മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം ഐ.എം. വിജയൻ, ഇന്ത്യൻ ബാഡ്മിന്റൺ പരിശീലകൻ ജോയ് ടി. ആന്റണി എന്നിവരും പങ്കെടുത്തു. ഐ.ജിമാരായ (ദക്ഷിണമേഖല) എസ്.ആർ. ശരവണൻ, ജോസ് മോഹൻ എന്നിവർ സംസാരിച്ചു. റാലിയിൽ പങ്കെടുത്തവർ അനുഭവങ്ങൾ പങ്കുവച്ചു.
റെക്കാർഡ് നേട്ടം
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയിലാണ് റാലി സംഘടിപ്പിച്ചത്. റാലി ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലൂടെ 6,02,31,268 പേരാണ് കണ്ടത്. ഇത് ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്‌സിന്റെ അംഗീകാരം നേടി.
ഒമ്പത് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും റാലി പിന്നിട്ടു.
പ്രധാന തുറമുഖങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, മത്സ്യബന്ധന ഗ്രാമങ്ങൾ, തീരദേശ മേഖലകൾ എന്നിവയിലൂടെ സഞ്ചരിച്ചു.
ഇന്ത്യയുടെ വിശാലമായ തീരപ്രദേശത്തിനപ്പുറം പൗരന്മാരുടെ ഹൃദയങ്ങളെ ബന്ധിപ്പിച്ച ചരിത്രപരമായ ദേശീയ യാത്രയാണ് സി.ഐ.എസ്.എഫ് അംഗങ്ങൾ വിജയകരമായ പൂർത്തിയാക്കിയത്.
ബന്ദി സഞ്ജയ് കുമാർ
കേന്ദ്ര ആഭ്യന്തര സഹമന്ത്രി