പേരൂർക്കുളം ഗവ. എൽ.പി സ്കൂൾ: അതിവേഗം ആധുനിക കെട്ടിട നിർമ്മാണം

Tuesday 24 February 2026 12:13 AM IST

കോന്നി: ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂർക്കുളം ഗവ. എൽ.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. പേരൂർക്കുളം സ്‌കൂളിന് പുതിയ കെട്ടിടമെന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു പുനലൂർ - മൂവാറ്റുപുഴ പാതയുടെ അഭിമുഖമായാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ സ്‌കൂൾ കെട്ടിടം പൊളിച്ചുമാറ്റി സ്‌കൂൾ നിലനിന്നിരുന്നിടത്ത് മണ്ണിട്ടുയർത്തിയാണ് ആധുനിക നിലയിലുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

1928ലാണ് സ്‌കൂൾ സ്ഥാപിതമായത്. 55.5 സെന്റ് സ്ഥലമാണ് സ്‌കൂളിന് നിലവിലുള്ളത്. ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും പരിമിതമായ സൗകര്യങ്ങളാണ് സ്‌കൂളിലുള്ളത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉന്നത സൗകര്യത്തോട് കൂടിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.

പഴക്കം ഒരു നൂറ്റാണ്ടോളം

 പഴയ സ്‌കൂൾ കെട്ടിടം ഉപയോഗക്ഷമമല്ല

 അപകട നിലയിലെന്ന് റിപ്പോർട്ട് നൽകിയത് പൊതുമരാമത്ത് കെട്ടിടവിഭാഗം

 കോന്നിയിലെ ആദ്യകാല സ്‌കൂൾ

 ഗുരു നിത്യചൈതന്യയതിയുടെ പേരിൽ പ്രശസ്തം

 പുതിയ കെട്ടിടം ആധുനിക സൗകര്യങ്ങളോടെ

അനുവദിച്ചത്

₹ 1.50 കോടി

ക്ളാസുകൾ

1 മുതൽ 4 വരെ

വകയാറിൽ ജനിച്ച ഗുരു നിത്യചൈതന്യയതി ഉൾപ്പടെ നിരവധി പ്രമുഖർക്ക് പ്രാഥമിക വിദ്യാഭ്യാസം പകർന്നുനൽകിയ സ്‌കൂൾ ആധുനിക നിലയിൽ പുനർനിർമ്മിക്കുന്നത് നാടിന്റെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ്.

കെ.യു.ജനീഷ്‌കുമാർ എം.എൽ.എ