അപകടക്കെണിയായി ശ്രീമൂലനഗരം റോഡ്

Monday 23 February 2026 10:37 PM IST

കാലടി: ശ്രീമൂലനഗരം ദേശം തട്ടാൻപടി വാര്യാട്ട് അമ്പലത്തിന് സമീപം റോഡ് അപകടം പതിവാകുന്നു. ശ്രീമൂലനഗരം റോഡ് ബി.എം. ബി.സി നിലവാരത്തിൽ നവീകരിച്ച ശേഷവും ജംഗ്ഷനുകളിലുണ്ടാകുന്ന അപകടത്തിന് കുറവില്ല. പുതിയേടം ഭാഗത്ത് നിന്ന് ആലുവയിലേക്കും കാലടി ഭാഗത്തേക്കും വരുന്ന വാഹനങ്ങൾ അമിതവേഗത്തിൽ കടന്നുപോകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഗതാഗത നിയന്ത്രണം ഒന്നും തന്നെ ഈ ഭാഗങ്ങളിലില്ല. രണ്ട് റോഡുകളെയും പ്രധാന റോഡുകളായി കണക്കാക്കുന്നതാണ് അപകടസാദ്ധ്യതയ്ക്ക് കാരണമെന്ന് യാത്രക്കാർ പറയുന്നു.

റോഡ് ഇടിഞ്ഞ് താന്നിട്ടും നടപടിയില്ല

കഴിഞ്ഞ ദിവസം രാത്രിയിൽ കാഞ്ഞൂർ തട്ടാൻപടിക്കും വാര്യാട്ട് അമ്പലത്തിന് മുൻപുള്ള കൊടുംവളവിൽ അമിത വേഗത്തിലെത്തിയ കാർ അപകടത്തിൽപ്പെട്ടിരുന്നു. ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് താഴേയ്ക്ക് ഇടിഞ്ഞ് താന്നിട്ടും അധികാരികൾ കണ്ടഭാവം നടിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇതുമൂലം ഇരുചക്ര വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാവുന്നു. റോഡ് പണിയിലെ അശാസ്ത്രീയത പരിശോധിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.

റോഡിലെ പല ഭാഗങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. അമിത വേഗതത്തിലെത്തുന്ന വാഹനങ്ങൾക്ക് മേൽ യാതൊരു പരിശോധനയും ഈ ഭാഗത്തില്ല

യാത്രക്കാരെ നിരീക്ഷിക്കുന്ന എ.ഐ.ക്യാമറയോ യാതൊരു പൊലീസ് പരിശോധനയോ ഇവിടെയില്ല. ഉടൻ പരിഹാരമുണ്ടാക്കി യാത്രാക്കാരുടെയും കാൽനട യാത്രക്കാരുടെയും ജീവൻ രക്ഷിക്കണം.

എ.എം. നാസർ (പ്രസിഡന്റ്), വി.എസ്.സതീശൻ (സെക്രട്ടറി),

നൗഷാദ് ശ്രീമൂലനഗരം (ട്രഷറർ) ശ്രീമൂലനഗരത്ത് റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മ (ഡിഫ്രാ)

ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും വേഗപരിധി സൂചനകളും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.

വി.എസ്.ജിഷ്ണു, ഇൻഫോപാർക്ക് ജീവനക്കാരൻ