ഗജവീരൻ വേണ്ട; സ്ത്രീകൾ 'ദേവീരഥം' എഴുന്നെള്ളിക്കും

Tuesday 24 February 2026 1:26 AM IST

കൊച്ചി: എറണാകുളം പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രത്തിലെ തിരുവുത്സവം രഥത്തിൽ കുടികൊണ്ട് 'ഭദ്രകാളി ദേവി" ദർശിക്കും. നാട്ടിലെ സ്ത്രീകൾ രഥമുരുട്ടി ദേവിയെ എഴുന്നെള്ളിക്കും! കരിയും കരിമരുന്നും വേണ്ടെന്ന ശ്രീനാരായണ ഗുരുവചനം ഉൾക്കൊണ്ടാണ് ക്ഷേത്രഭാരവാഹികൾ എഴുന്നെള്ളിപ്പിന് ആനയെ ഒഴിവാക്കി രഥം നിർമ്മിച്ചത്. 26ന് രാവിലെ ദേവീരഥം സമർപ്പിക്കും. പിറ്റേന്ന് ഉത്സവത്തിനും 28ന് രാത്രി നടക്കുന്ന ആറാട്ട് ചടങ്ങിനും രഥമുരുളും. രഥം വലിക്കാനുള്ള പരിശീലനം തകൃതിയായി നടക്കുന്നുണ്ട്.

പ്രധാന പ്രതിഷ്ഠയായ ശിവനെ എഴുന്നെള്ളിക്കാൻ കഴിഞ്ഞ വർഷം ആദ്യ രഥം നിർമ്മിച്ചിരുന്നു. ദേവീരഥം രണ്ടാമത്തേതാണ്. സുബ്രഹ്മണ്യ സ്വാമിക്കായുള്ള രഥത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

എസ്.എൻ.ഡി.പി യോഗം 1103-ാം നമ്പർ ശാഖയുടെ കീഴിൽ വരുന്ന ശ്രീനാരായണവല്ലഭ ക്ഷേത്രത്തിൽ മൂന്ന് ആനകളെ അണിനിരത്തിയായിരുന്നു ഉത്സവം. പലയിടത്തും ആന ഇടഞ്ഞ് അനിഷ്ടസംഭവങ്ങൾ ഉണ്ടായതോടെയാണ് രഥോത്സവമെന്ന ആലോചനയുണ്ടായത്.

കൽപ്പാത്തി രഥത്തിന്റെ എൻജിനിയറിംഗ് മാതൃക അനുകരിച്ച്, പൂർണ്ണമായും കേരളീയശൈലിയിലുള്ള കൊത്തുപണികളോടെയാണ് രഥം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ സഹോദരൻ ഉണ്ണിക്കൃഷ്ണനാണ് ശില്പി. ഉത്സവത്തിലെ ആഡംബര ചെലവുകൾ ഒഴിവാക്കി ആ തുക കൊണ്ട് നിർദ്ധനർക്ക് വീടുവച്ചു നൽകുന്നുമുണ്ട്.

 13 അടി ഉയരം

മൂന്ന് രഥങ്ങൾക്കുമായി 60 ലക്ഷം രൂപയാണ് നീക്കിവച്ചത്. തേക്കിൽ തീർത്ത ദേവീ രഥത്തിന് 13 അടി ഉയരമുണ്ട്. ആറ് മാസം കൊണ്ടാണ് ശില്പി ഉണ്ണികൃഷ്ണനും ശിഷ്യരും ദേവീരഥം പൂർത്തിയാക്കിയത്. കൊടുങ്ങല്ലൂരിലെ പണിശാലയിൽ പലഭാഗങ്ങളായി നിർമ്മിച്ച ശേഷം പൂത്തോട്ടയിൽ എത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. കൊത്തുപണികൾക്ക് ഒരു മാസം വേണ്ടിവന്നു.

 ശ്രീനാരായണ വല്ലഭ ക്ഷേത്രം ഗുരുദേവൻ മൂന്നാമത് പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രം. 1893 ഫെബ്രുവരി 20ന് പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു പറഞ്ഞത് ഇവിടെ വിദ്യാലയങ്ങൾ ഉണ്ടാകണമെന്നാണ്. ലാ കോളേജ്, ബി.എഡ് കോളേജ്, സ്വാശ്രയ കോളേജുകൾ, സ്റ്റേറ്റ് - സി.ബി.എസ്.ഇ സ്‌കൂളുകൾ ഉൾപ്പെടെ ഡസനിലേറെ വിദ്യാലയങ്ങൾ ഇപ്പോൾ ക്ഷേത്രത്തിന് ചുറ്റുമുണ്ട്. പൂത്തോട്ട ശാഖയുടെ കീഴിലാണിവ.

ദേവീക്കായുള്ള രഥമായതിനാലാണ് സ്ത്രീകൾ രഥം വലിക്കട്ടെയെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. എല്ലാവരും പിന്തുണച്ചു. മൂന്നാമത്തെ രഥത്തിന്റെ നിർമ്മാണം എത്രയുംപെട്ടെന്ന് പൂർത്തിയാകും. എ.ഡി ഉണ്ണികൃഷ്ണൻ പ്രസിഡന്റ് പൂത്തോട്ട ശാഖ