സീതത്തോട്ടിൽ പഞ്ചായത്ത് സിനിമ ഓടിക്കും, തിയേറ്റർ നിർമ്മിച്ച് ഭരണസമിതി, സംസ്ഥാനത്ത് ആദ്യം
സീതത്തോട്: സീതത്തോടുകാർക്ക് ഇനി സിനിമകാണാൻ കാടിറങ്ങേണ്ട. സിനിമാ തിയേറ്ററില്ലെന്ന നാട്ടുകാരുടെ പരാതിക്ക് പഞ്ചായത്ത് ഭരണസമിതി പരിഹാരം കണ്ടു. പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിൽ അത്യാധുനിക സൗകര്യങ്ങളുള്ള തിയേറ്റർ ഒരുക്കി. പേര് ഗാലക്സി സിനിമാസ്. 28ന് മന്ത്രി എം.ബി.രാജേഷും നടി ഭാവനയും ചേർന്ന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സിനിമാതിയേറ്റർ ആരംഭിക്കുന്നത് സംസ്ഥാനത്ത് ആദ്യം.
മികച്ച ശബ്ദ, ദൃശ്യാനുഭവം പകരുന്ന 4K ലേസർ പ്രൊജക്ടറാണ് പ്രധാന ആകർഷണം. ഈ സംവിധാനമുള്ള സംസ്ഥാനത്തെ ഏഴാമത്തെ തിയേറ്ററാണിത്. 143 പുഷ്ബാക്ക് സീറ്റുകൾ, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ. ആറുകോടി രൂപ ചെലവിലാണ് നിർമ്മാണം. സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലാണ് നാല് നിലകളിലായി നിർമ്മിച്ച പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ്. ആധുനിക ഭക്ഷണശാല, ഗസ്റ്റ് റൂം, ഷോപ്പിംഗ് മാൾ, മത്സ്യസ്റ്റാൾ, കടമുറികൾ തുടങ്ങിയവയും കോംപ്ളക്സിലുണ്ടാകും.
തിയേറ്ററില്ലാതെ 20 വർഷം
സീതത്തോട്ടിൽ തിയേറ്റർ ഇല്ലാതായിട്ട് 20 വർഷമായി. ഷീറ്റുകൊണ്ട് നിർമ്മിച്ച പ്രിയാതിയേറ്ററായിരുന്നു അതുവരെ. ദൂര സ്ഥലങ്ങളിൽ പോയാണ് നാട്ടുകാർ സിനിമ കണ്ടിരുന്നത്. കോന്നി ആനത്താവളം, ഗവി, പെരുന്തനരുവി തുടങ്ങിയിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സീതത്തോട്ടിൽ താമസിക്കാൻ ഹോം സ്റ്റേകൾ അനുവദിക്കാനും വ്യൂ പോയിന്റുകളും പാർക്കുകളും ഒരുക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്. പഞ്ചായത്തിന്റെ പ്ളാൻ ഫണ്ടിൽ നിന്നാണ് തിയേറ്റർ നിർമ്മാണത്തിന് തുക അനുവദിച്ചത്. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ വികസന ഫണ്ടും വിനിയോഗിച്ചു. ഷോപ്പിംഗ് കോംപ്ളക്സ് കം തിയേറ്റർ നിർമ്മാണത്തിന് 16.93 കോടിയാണ് ആകെച്ചെലവ്.
സിനിമ തിയേറ്ററും ഷോപ്പിംഗ് കോപ്ളക്സും പൂർണ തോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ നൂറിലേറെ ആളുകൾക്ക് തൊഴിൽ ലഭിക്കും.
ജോബി ടി.ഈശോ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ്