മുൻ ജില്ലാകളക്ടർ വി.വി.വിജയൻ അന്തരിച്ചു

Tuesday 24 February 2026 12:38 AM IST

തിരുവനന്തപുരം: മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിൽ മകളുടെ വസതിയായ കാർത്തികയിൽ ഇന്നലെ രാവിലെ 9ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം മുട്ടത്തറ മോക്ഷകവാടത്തിൽ നടന്നു.

1980- 83 കാലഘട്ടത്തിൽ തലസ്ഥാന ജില്ലാ കളക്ടറായിരുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കേരളത്തിലെ ആദ്യ പി.എസ്.സി ചെയർമാനുമായ വി.കെ.വേലായുധന്റെയും ദേവകിയുടെയും മകനാണ്.

1957ൽ ഡെപ്യൂട്ടി തഹസിൽദാറായിട്ടാണ് സർവീസിൽ പ്രവേശിച്ചത്. സർവീസിൽ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന പേരിന് ഉടമയായിരുന്നു. 1974ൽ ഐ.എ.എസ് ലഭിച്ചു. ബിവറേജസ് കോർപ്പറേഷൻ എം.ഡി, സിവിൽ സപ്ലൈസ് ഡയറക്ടർ, തൊഴിൽ വകുപ്പ് സെക്രട്ടറി, ടൈറ്റാനിയം എം.ഡി, വ്യവസായ വകുപ്പ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. 1994ൽ റവന്യു ബോർഡ് മെമ്പറായിരിക്കെ വിരമിച്ചു. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം ദേവസ്വം കമ്മിഷണറുടെ ചുമതലയും വഹിച്ചു. ദേവസ്വത്തിലെ കൊടിയ അഴിമതിക്ക് അറുതിവരുത്താൻ സത്യസന്ധനും ഉയർന്ന പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥനുമായിരുന്ന വി.വി.വിജയനെ കമ്മിഷണറായി നിയമിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. മന്ത്രി ഡോ. എ.നീലലോഹിതദാസൻ നാടാരുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പരേതയായ ഡോ. ബേബി സരസ്വതിയാണ് ഭാര്യ (റിട്ട. പ്രൊഫസർ തിരുവനന്തപുരം മെഡിക്കൽ കോളേജ്). മക്കൾ: ഡോ.സീമ തമ്പി (സിറ്റി ഡെന്റൽ ക്ളിനിക്, ഡോ. ജയ വിജയൻ (യു.എസ്.എ), രാജീവ് വിജയൻ (യു.എ.സ്എ). മരുമക്കൾ: ഡോ. തമ്പി പ്രഭാകരൻ (സിറ്റി ഡെന്റൽ ക്ളിനിക്), അജിത്കുമാർ (യു.എസ്.എ), അഞ്ജു ശ്രീനിവാസൻ (മാനേജിംഗ് ഡയറക്ടർ, കേരളകൗമുദി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.

മുഖ്യമന്ത്രി അനുശോചിച്ചു

വി.വി.വിജയന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മുൻ സ്‌പീക്കർ എം.വിജയകുമാർ, വി.കെ.പ്രശാന്ത് എം.എൽ.എ, കൗൺസിലർ എസ്.പി.ദീപക്, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ.രാജ്മോഹൻ പിള്ള തുടങ്ങിയവർ അന്ത്യമോപചാരം അർപ്പിച്ചു. കേരളകൗമുദിക്കുവേണ്ടി യൂണിറ്റ് ചീഫ് എസ്.വിക്രമൻ, കേരളകൗമുദി എംപ്ലോയീസ് വെൽഫെയർ ഫോറത്തിനുവേണ്ടി ജനറൽ മാനേജർ (ഫിനാൻസ്) ടി.പി.സംഗീത്, നോൺ ജേർണലിസ്റ്റ് അസോസിയേഷനുവേണ്ടി ജനറൽ സെക്രട്ടറി കെ.എസ്.സാബു, കേരളകൗമുദി എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കുവേണ്ടി എസ്.ഉദയകുമാർ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു.