കേരള സ്‌റ്റോറി 2, 'പ്രശ്‌നമുണ്ടെങ്കില്‍ കോടതി ഇടപെടും'; സിനിമ കാണാന്‍ പോകില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ 

Monday 23 February 2026 11:47 PM IST

കേരളത്തെക്കുറിച്ചുള്ള വിവാദ ചിത്രം 'കേരള സ്റ്റോറി 2' താന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ചിത്രത്തിന്റെ ട്രെയലര്‍ താന്‍ കണ്ടിട്ടില്ലെന്നും കാണാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ചിത്രത്തിന്റെ ട്രയലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചെയ്തിരിക്കുന്നത് എന്ന വിമര്‍ശനമാണ് മലയാളികള്‍ക്കിടയിലുള്ളത്.

''ഞാന്‍ അത് കണ്ടിട്ടില്ല. ഞാന്‍ അത് കാണാന്‍ പോകുന്നില്ല. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണാം. കാണാന്‍ താത്പര്യമില്ലാത്തവര്‍ക്ക് കാണേണ്ടതില്ല. ഇന്ത്യയില്‍ ആര്‍ട്ടിക്കിള്‍ 19 ഉണ്ട്, എല്ലാവര്‍ക്കും സിനിമ നിര്‍മ്മിക്കാനുള്ള അവകാശമുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കോടതി ഇടപെട്ട് റദ്ദാക്കും. എല്ലാവര്‍ക്കും സിനിമ റിലീസ് ചെയ്യാന്‍ അവകാശമുണ്ട്. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണാം, മറ്റുള്ളവര്‍ക്ക് കാണേണ്ടതില്ല.'- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് സിനിമയില്‍ പറയുന്നതെന്നും ഇത് വിദ്വേഷം പടര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.