കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നു വീണ് നാലു പേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: വലിയങ്ങാടിയിൽ നഗരസഭയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് പൊളിഞ്ഞു വീണ് നാലു പേർക്ക് ദാരുണാന്ത്യം. ലോറി ഡ്രെെവറും ഉടമയുമായ അത്തോളി കൊങ്ങന്നൂർ ബഷീർ(64), സഹായികളായ അത്തോളി കൊളക്കാട് ഹോമിയോ ഡിസ്പെൻസറിക്ക് സമീപം കൊടുവമ്പത്ത് താഴെകുനി അഷ്‌റഫ് (57),തിരുവങ്ങൂർ കാഞ്ഞിരക്കണ്ടി വിനോദ് (55),വലിയങ്ങാടി ഗാമ എന്റർപ്രൈസസ് കമ്പനി തൊഴിലാളി കിണാശ്ശേരി ജബ്ബാർ (58) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പയ്യാനക്കൽ പട്ടൻ കൊടിയിൽ അബ്ദുൾ ജലീലെന്ന കോയ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടകരമായ സാഹചര്യത്തിലും കെട്ടിടം പ്രവർത്തിക്കാൻ കോർപ്പറേഷൻ അനുമതി നൽകിയതിൽ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മേയറുടെ ചേംബർ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെട്ടിടം അപകടാവസ്ഥയിലാണെന്നും കച്ചവടം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗം കഴിഞ്ഞ വർഷം നൽകിയ റിപ്പോർട്ട് കണക്കിലെടുക്കാതെ ഫിറ്റ്‌നസ്
സർട്ടിഫിക്കറ്റ് നൽകിയ കോർപ്പറേഷന്റെ നടപടിയാണ് നാല് പേരുടെ ജീവൻ അപഹരിച്ചത്.അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മേയർ ഒ.സദാശിവൻ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ബീച്ചിന് സമീപത്തെ മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ നാല് കടമുറികൾക്ക് മുന്നിലെ സൺഷെയ്ഡ് തകർന്ന് വീണത്. ഗാമ എന്റർപ്രൈസസ് കമ്പനിയുടെ ഗോഡൗണിലേക്കുള്ള ലോഡ് രാവിലെ ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന അഞ്ച് പേരുടെ ദേഹത്തേത്താണ് കോൺക്രീറ്റ് സ്ലാബ് വീണത്. കെട്ടിടം പൊളിയുന്ന ശബ്ദം കേട്ട് ഓടി മാറിയ പൊയിൽകാവ് സ്വദേശി അബ്ദു റഹ്മാൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്ലാബിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു മുൻഭാഗത്താണ്. ഇരുചക്ര വാഹനങ്ങളും തകർന്ന സ്ലാബുകൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ട്.
അറുപത് വർഷത്തോളമായി പ്രവർത്തിക്കുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടം കാലപ്പഴക്കത്തെത്തുടർന്ന് കോർപ്പറേഷൻ പൊളിച്ച് നീക്കാനിരുന്നതാണ്. പൊളിക്കൽ നീണ്ടു പോയതോടെ കെട്ടിടം വ്യാപാര കേന്ദ്രമായി പ്രവർത്തിച്ചു വരുകയായിരുന്നു. അപകടമുണ്ടായ ഭാഗത്തെ കടമുറികളിൽ രണ്ടെണ്ണം ഗാമ എന്റർപ്രൈസസിന്റെ ഗോഡൗണാണ്. നേരത്തേ ഇവിടെ പാസ്‌പോർട്ട് ഓഫീസായിരുന്നു.
മരണമടഞ്ഞവരിൽ ബഷീറിന്റെ ഭാര്യ: സെക്കീന, മക്കൾ : ഷമീർ, ഷാഫി, സെമീന, മരുമക്കൾ : ഫാത്തിമ ഷെറിൻ, ഷഹന, ജംഷീദ്. അഷ്റഫിന്റെ ഭാര്യ: സൗദ, മക്കൾ: ഹന്ന ഫാത്തിമ, മിസ്ഹഫ് സൗദി, മരുമകൾ: അജ്നാസ് തെരുവത്ത് കടവ്. ജബ്ബാറിന്റെ ഭാര്യ: പ്രസീന. മക്കൾ: സുഹാന,ഫിൻഷ പർവിൻ, ഹുദ. വിനോദിന്റെ ഭാര്യ: ഷെെമ. മകൻ: ധനഞ്ജയ്.