കെ.എം.എം.എല്ലിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ലാഭവിഹിതം കൈമാറലും ഇന്ന്

Tuesday 24 February 2026 12:15 AM IST
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കെ .എം.എം.എൽ പുതിയ കെട്ടിടം

ചവറ: പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ.എം.എം.എല്ലിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനവും 2024-25 വർഷത്തെ ലാഭവിഹിതം സർക്കാരിന് കൈമാറുന്ന ചടങ്ങും ഇന്ന് നടക്കും. പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും. കമ്പനിയുടെ 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 4.64 കോടി രൂപ മന്ത്രി കെ.എൻ. ബാലഗോപാൽ ഏറ്റുവാങ്ങും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ആംബുലൻസിന്റെ താക്കോൽ കൈമാറും. എൻ.കെ. പ്രേമചന്ദ്രൻ എം.പി വിശിഷ്ട അതിഥിയായി പങ്കെടുക്കും.

 ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങൾ

  • എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: 2.5 കോടി രൂപ ചെലവിൽ 6,450 ചതുരശ്ര അടിയിലാണ് അത്യാധുനിക സൊസൈറ്റി കെട്ടിടം നിർമ്മിച്ചത്. ഹൈപ്പർ മാർക്കറ്റ്, ഓഫീസ്, കോൺഫറൻസ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. ദേശീയപാത വികസനത്തെത്തുടർന്ന് പഴയ സൗകര്യങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പൊതുജനങ്ങൾക്കും കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ പുതിയ കെട്ടിടം ഒരുക്കിയത്.

  • റിക്രിയേഷൻ ക്ലബ്ബ് : 1.5 കോടി രൂപ ചെലവിൽ 3,160 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ക്ലബ് കെട്ടിടം നിർമ്മിച്ചത്. ലൈബ്രറി, മീറ്റിംഗ് റൂം, ഇൻഡോർ ഗെയിംസ് ഏരിയ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2022 മാർച്ചിൽ ആരംഭിച്ച നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായത്.

 സാമൂഹ്യ പ്രതിബദ്ധതയും ലാഭവിഹിതവും

കമ്പനിയുടെ ലാഭവിഹിതമായി 4.64 കോടി രൂപയാണ് ഇത്തവണ സർക്കാരിന് നൽകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ യഥാക്രമം 9.3 കോടി (2021-22), 6.2 കോടി (2022-23, 2023-24) വീതം കെ.എം.എം.എൽ ലാഭവിഹിതം നൽകിയിരുന്നു. കൂടാതെ, സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പന്മന പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 7.9 ലക്ഷം രൂപ ചെലവിൽ പുതിയ ആംബുലൻസും കമ്പനി വാങ്ങി നൽകി.

മെഡിക്കൽ ടെസ്റ്റ് ലാബ് കളക്ഷൻ സെന്റർ

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുമായി സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ ടെസ്റ്റ് ലാബ് കളക്ഷൻ സെന്ററിന്റെ അനുമതി പത്രവും ചടങ്ങിൽ കൈമാറും. ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.