ഭിന്നശേഷിക്കാർക്ക് ഏബിൾ പോയിന്റ്
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും തൊഴിൽ നൽകാൻ ആരംഭിക്കുന്ന 100 ഏബിൾ പോയിന്റ് പദ്ധതിയുടെ ആദ്യ ഔട്ട്‌ലെറ്റ് എറണാകുളം കാക്കനാട് ഗാന്ധി പാർക്കിന് സമീപം സജ്ജമായാതായി മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാർ മാത്രം പ്രവർത്തിപ്പിക്കുന്ന ഇൻക്ലൂസീവ് ക്ലൗഡ് കിച്ചൺ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. ഭിന്നശേഷി ക്ഷേമ കോർപ്പറേഷെന്റ 'ഇടം' ഏബിൾ പോയിന്റ് ഈ മാസം തന്നെ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിമാസം 15000 രൂപയിൽ കുറയാത്ത വേതനം ഗുണഭോക്താക്കൾക്ക് ഉറപ്പാക്കും വിധമാണ് ഓരോ ഏബിൾ പോയിന്റും ആസൂത്രണം ചെയ്തിട്ടുള്ളത്. ഗുണഭോക്താക്കളെ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കണ്ടെത്തും. ഇവർക്ക് പരിശീലനം ബന്ധപ്പെട്ട സർക്കാർ ഏജൻസികളും എൻ.ജി.ഒകളും വഴി നൽകും. കസ്റ്റമർ സർവീസ്, വിൽപ്പന തന്ത്രങ്ങൾ, ഉൽപ്പന്ന പരിജ്ഞാനം, ഇൻവെന്ററി മാനേജ്‌മെന്റ് എന്നിവയിൽ പരിശീലനം ഉറപ്പാക്കും. സ്‌പോൺസർഷിപ്പുകൾ ഉപയോഗിച്ചും ഏബിൾ പോയിന്റ് യൂണിറ്റുകൾ നിർമ്മിക്കും.