പട്ടയവിതരണത്തിന്റെ മറവിൽ വനംഭൂമി കൈയേറുന്നതായി ആക്ഷേപം
Tuesday 24 February 2026 12:43 AM IST
കൊല്ലം: കുളത്തൂപ്പുഴയിൽ ഇന്ന് നടക്കുന്ന പട്ടയ വിതരണ മേളയിൽ ഭൂമാഫിയകൾക്ക് സ്വന്തമായി വീടും ഭൂമിയുള്ളവർക്ക് പട്ടയ വിതരണവും ചെയ്യുന്നുവെന്ന് കോൺസ്റ്റിട്യൂഷൻ ലിറ്ററസി ആൻഡ് ചാരിറ്റി ഫോഴ്സ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പട്ടയ വിതരണത്തിന്റെ മറവിൽ വ്യാപകമായി വനംഭൂമി കയ്യേറ്റം നടത്തുകയാണ്. അരിപ്പ സമരഭൂമിയിൽ 13 വർഷമായി ഭൂമിയില്ലാതെ കുടിൽകെട്ടി കഴിയുന്ന ആദിവാസികളെയും മറ്റ് പിന്നോക്ക വിഭാഗക്കാരെയും ഒഴിവാക്കിക്കൊണ്ടുള്ള പട്ടയവിതരണമാണ് നടത്തുന്നത്. വിശദമായ പരാതികൾ ഗവർണർ,ചീഫ് സെക്രട്ടറി പ്രിൻസപ്പൽ സെക്രട്ടറി എന്നിവർക്കടക്കം നൽകിയിട്ടുണ്ട്.പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി മധു.പി.സാന്ത്വനം,ഇബ്രഹാംകുട്ടി സാന്ത്വനം,കെ.ജെ.പ്രസേനൻ,അരിപ്പ ഭൂമസമരഭൂമിയിലെ താമസക്കാരായ സരസ്വതി,ശാന്ത,രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.