ഉഷ ജോസഫിന്റെ നിലയിൽ പുരോഗതി; മുറിയിലേക്ക് മാറ്റി നഷ്ടപരിഹാരം നൽകണമെന്ന് ബന്ധു

Tuesday 24 February 2026 1:10 AM IST

കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറി ഫോർസെപ്സ്) പുറത്തെടുക്കാൻ എറണാകുളം അമൃത ആശുപത്രിയിൽ ശനിയാഴ്ച ശസ്ത്രക്രിയയ്‌ക്ക് വിധേയയായ ആലപ്പുഴ സ്വദേശി ഉഷ ജോസഫിന്റെ (59) ആരോഗ്യനിലയിൽ പുരോഗതി. ഇന്നലെ ഉഷയെ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആഹാരം കഴിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഉഷ ജോസഫിന് നഷ്ടപരിഹാരം നൽകണമെന്ന് ഉഷയുടെ ബന്ധു ജോയ്സി ബെന്നി ആവശ്യപ്പെട്ടു. അഞ്ചുവർഷം ഉഷ ഒരുപാട് വേദന അനുഭവിച്ചു. ചികിത്സയ്ക്ക് ധാരാളം പണം ചെലവായി. ഉഷയ്ക്കും കുടുംബത്തിനുമുണ്ടായ മാനസിക പ്രയാസവും നിസാരമല്ല. മൂത്രത്തിൽ രക്തം വന്നത് ശസ്ത്രക്രിയ ഉപകരണം കാരണമാണ്. നിലവിലെ ആശുപത്രിച്ചെലവ് സർക്കാർ ഏറ്റെടുക്കണം. ചികിത്സാവീഴ്‌ചയിൽ നഷ്ടപരിഹാരം നൽകണം. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും പറഞ്ഞു. ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനമൊന്നും ഉണ്ടാകാത്തതിനാലാണ് കുടുംബം രംഗത്തെത്തിയത്.

ഉഷയെ സന്ദർശിച്ച് കെ.സി

ഉഷ ജോസഫിനെ അമൃത ആശുപത്രിയിലെത്തി കണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ചികിത്സാപ്പിഴവ് സംഭവിക്കുമ്പോൾ പ്രഖ്യാപിക്കുന്ന അന്വേഷണ കമ്മിറ്റികൾ സംഭവങ്ങളെ വെള്ളപൂശാനുള്ള നടപടി മാത്രമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ റിപ്പോർട്ടുകളിൽ നടപടികളൊന്നും കാര്യമായി ഉണ്ടായിട്ടില്ല. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കേണ്ട സിസ്റ്റം പൂർണമായും പരാജയമാണ്.