ജില്ലയിൽ വിതരണം ചെയ്തത് നാല് ലക്ഷം പുസ്തകങ്ങൾ
മലപ്പുറം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ മൂന്ന് മാസം ശേഷിക്കേ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കായി ഇതുവരെ വിതരണം ചെയ്തത് നാല് ലക്ഷം പാഠപുസ്തകങ്ങൾ. ഈ മാസം 18നാണ് വിതരണം ആരംഭിച്ചത്. ഇതേവരെ 15 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലാ ബുക്ക് ഡിപ്പോയിൽ എത്തിയത്. ഇന്നലെ ജില്ലയിൽ ഒരു ലക്ഷം പാഠപുസ്തകങ്ങൾ എത്തി. അൺ-എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തക വിതരണം മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കുമായി 73.16 ലക്ഷം പുസ്തകങ്ങളാണ് ആകെ ആവശ്യമുള്ളത്.
രാവിലെ എട്ട് മുതൽ അഞ്ച് വരെ 15 അംഗ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വിതരണം. പുസ്തക വിതരണം ആരംഭിച്ചാൽ തീരുന്ന മുറയ്ക്ക് പുതിയ ലോഡ് എത്തിക്കുമെന്ന് ടെക്സ്റ്റ് ബുക്ക് ഡിപ്പോ അധികൃതർ പറയുന്നു. ഡിപ്പോയിൽ എത്തിയ പുസ്തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ ഉൾപ്പെടെയാണ് കയറ്റി അയക്കുക. കഴിഞ്ഞ അദ്ധ്യയന വർഷം 79 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. കഴിഞ്ഞ അദ്ധ്യയന വർഷം ഒരു ദിവസം ശരാശരി ഒരു ലക്ഷം പാഠപുസ്തകങ്ങളാണ് ഡിപ്പോയിൽ നിന്നും ജില്ലയിലെ 323 സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിച്ചത്. കാക്കനാട്ടെ കേരള ബുക്ക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റിക്കാണ് അച്ചടി ചുമതല.
വിതരണം ചെയ്തത് - നാല് ലക്ഷം
ആകെ വേണ്ടത് - 73.16 ലക്ഷം
ഡിപ്പോയിലെത്തിയത്- 15 ലക്ഷം
പുസ്തക വിതരണം കാലതാമസമില്ലാതെ നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നേ വിതരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
എൻ.രാജേഷ്, ഡിപ്പോ സൂപ്പർവൈസർ