കുദ്രോളി ശ്രീനാരായണഗുരു തീർത്ഥാടനം സമാപിച്ചു
മംഗലാപുരം: ശ്രീനാരായണ ഗുരുദേവൻ കോട്ടയം നാഗമ്പടത്ത് വച്ച് അനുമതി നൽകിയ ശിവഗിരി തീർത്ഥാടനത്തിന്റെ തുടർച്ചയായി മംഗലാപുരത്ത് ഗോകർണ്ണനാഥ ക്ഷേത്രത്തിൽ ആരംഭിച്ച കുദ്രോളി ശ്രീനാരായണഗുരു തീർത്ഥാടനം സമാപിച്ചു.
ഗുരുദേവൻ കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണ പുതുക്കിയാണ് തീർത്ഥാടനം . . എല്ലാ വർഷവും ശിവരാത്രിയോടനുബന്ധിച്ച് മൂന്ന് ദിവസം കുദ്രോളി ശ്രീനാരായണഗുരു തീർത്ഥാടനം നടക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുദേവൻ ഊമയായ ഒരു കുട്ടിക്ക് പാൽക്കാപ്പി കൊടുത്ത് സംസാര ശേഷി നൽകിയതിനെ സ്മരിച്ചു കൊണ്ട് ഞായറാഴ്ച തോറും ക്ഷേത്രത്തിൽ പാൽക്കാപ്പി വിതരണം നടത്തുന്നുണ്ട്. സമുദ്രത്തോടടുത്തുളള ക്ഷേത്ര പ്രദേശത്ത് ശുദ്ധജലം ലഭിക്കാതെ വന്നപ്പോൾ ഗുരുദേവൻ കാണിച്ചു കൊടുത്ത സ്ഥലത്ത് കുഴിച്ച കിണറും ക്ഷേത്ര സന്നിധിയിലുണ്ട്.
കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവഗിരി ശാഖാ സ്ഥാപനം സ്ഥാപിക്കുന്നതിനു നൽകുന്ന അഞ്ചേക്കർ സ്ഥലവും ഇതിനു സമീപത്താണ്. മേയിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രത്തിൽ നടത്തുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഫോട്ടോ: കുദ്രോളി ശ്രീനാരായണഗുരു തീർത്ഥാടന സംഗമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ പങ്കെടുത്ത സന്യാസി സംഘം. സ്വാമി അസംഗാനന്ദഗിരി,സെക്രട്ടറി സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി ദേവാത്മാനന്ദ സരസ്വതി തുടങ്ങിയവർ സമീപം