നിയമസഭാ തിരഞ്ഞെടുപ്പ്: മുന്നൊരുക്കം കേന്ദ്ര സംഘം വിലയിരുത്തി

Tuesday 24 February 2026 1:41 AM IST

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ പ്രത്യേക സംഘം വിലയിരുത്തി.ഞായറാഴ്ച സംസ്ഥാനത്തെത്തിയ സംഘം വിവിധ വിഭാഗങ്ങളുമായി തുടർയോഗങ്ങൾ നടത്തി. രണ്ടു ദിവസത്തെ സന്ദർശനം ഇന്നലെ പൂർത്തിയായി. സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാരായ ഡോ.പവൻ കുമാർ ശർമ, മനീഷ് ഗാർഗ്, ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാർ, മീഡിയ ഡയറക്ടർ ജനറൽ ആശിഷ് ഗോയൽ എന്നിവരടങ്ങുന്ന സംഘം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, സ്റ്റേറ്റ് പോലീസ് നോഡൽ ഓഫീസർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ആവശ്യമായ ഭരണപരവും സാങ്കേതികവുമായ സംവിധാനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും നടപ്പിലാക്കുന്ന, എസ്.ഐ.ആർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കമ്മീഷൻ അവലോകനം ചെയ്തു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.