അസി.പ്രൊഫസർ  നിയമനത്തിൽ  ക്രമക്കേടെന്ന്

Tuesday 24 February 2026 1:48 AM IST

കോട്ടയം : മലങ്കര സിറിയൻ കാതോലിക്കേറ്റ് കോളേജുകളിലെ അസി.പ്രൊഫസർ തസ്തികകളിലേക്ക് നടന്ന ഇന്റർവ്യൂവിൽ യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു അഭിമുഖ പരീക്ഷ. പി.എച്ച്.ഡിയടക്കമുള്ളവരെ ഒഴിവാക്കി അടിസ്ഥാന യോഗ്യത മാത്രമായ എം.എ, നെറ്റ് എന്നിവയുള്ളവരെയാണ് നിയമിച്ചത്. 2018 ലെ യു.ജി.സി റഗുലേഷൻ പ്രകാരം മുഴുവൻ അപേക്ഷകരെയും മാർക്കടിസ്ഥാനത്തിൽ ക്രമപ്പെടുത്തി നിശ്ചിത അപേക്ഷകരെ മാത്രം ഇന്റർവ്യൂവിന് വിളിക്കുക എന്ന വ്യവസ്ഥയും പാലിച്ചില്ലെന്നാണ് പരാതി. ഉന്നത വിദ്യാഭ്യാസ യോഗ്യതകളും, നിരവധി വർഷത്തെ അദ്ധ്യാപന പരിചയവുമുള്ളവരെ പാടെ ഒഴിവാക്കിയായിരുന്നു നിയമനം. പ്രായപരിധിയും പാലിച്ചില്ല. വിഷയവൈദഗ്ദ്ധ്യവും പരിശോധിച്ചില്ല. ഇതിനെതിരെ ഹൈക്കോടതിയെയും ചാൻസലറെയും സമീപിച്ചിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.