കോടതിയിൽ നേരിട്ടെത്തി ജാമ്യമെടുത്ത് മന്ത്രി രാജൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മന്ത്രിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ട് നിലനിൽക്കേ കോടതിയിൽ നേരിട്ടെത്തി റവന്യു മന്ത്രി കെ. രാജൻ ജാമ്യമെടുത്തു. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിനാണ് ജാമ്യം അനുവദിച്ചത്.
2013 ഫെബ്രുവരി 11ന് അന്നത്തെ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. കെ.രാജന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പൊലീസ് ബാരിക്കേഡ് തകർത്ത് സർക്കാരിന് 50,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.
ആദ്യം ജാമ്യമെടുത്ത മന്ത്രി പിന്നീട് കേസ് പരിഗണിച്ചപ്പോഴൊന്നും കോടതിയിൽ ഹാജരായില്ല. കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രാജനെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി പിടികൂടാനാകാത്ത കേസുകളിൽ ഇതിനെ ഉൾപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മന്ത്രി നേരിട്ട് കോടതിയിലെത്തി ജാമ്യമെടുത്തത്. മന്ത്രിക്കുവേണ്ടി മുൻ പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.