ജാമ്യ ഉപാധി ലംഘിച്ചു: രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്
തിരുവനന്തപുരം : ബംഗളൂരുവിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസയച്ചു. മുൻകൂർ ജാമ്യം റദ്ദാക്കാതിരിക്കുന്നതിന് കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണം. 27ന് ഹാജരാകാനാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസിന്റെ നിർദേശം.
അതിജീവിതയെ സ്വാധീനിക്കുവാനോ ഫോണിലൂടെ ബന്ധപ്പെടാനോ പാടില്ലെന്ന് ജാമ്യഉപാധിയിൽ ഉണ്ടായിരുന്നു.
എന്നാൽ, ഈ മാസം 16ന് നെടുമങ്ങാട് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയ പരാതിക്കാരിയെ അടുത്ത ദിവസം രാത്രി 7.23ന് രാഹുൽ വാട്ട്സാപ്പ് കാൾ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചു. രാഹുൽ വിളിച്ചതിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം പരാതിക്കാരി പൊലീസിന് പരാതി നൽകി. രാഹുൽ ഫോൺ ചെയ്തപ്പോൾ എടുത്തില്ലെന്നും ഭീഷണിപ്പെടുത്താനാണെന്ന പേടി കാരണം കടുത്ത മാനസിക സംഘർഷം അനുഭവിച്ചെന്നും
പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് ജാമ്യം റദ്ദാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കല്ലംപള്ളി മനു സമർപ്പിച്ച ഹർജിയോടൊപ്പം പരാതിക്കാരിയുടെ പരാതിയും മൊബൈൽ ഫോണിന്റെ സ്ക്രീൻ ഷോട്ടും ഹാജരാക്കിയിട്ടുണ്ട്.
രാഹുലിന്റെ ജാമ്യഹർജി പരിഗണിക്കുന്ന വേളയിൽ
പരാതിയോ പരാതിക്കാരിയോ ഇല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ഒരിടത്തും പരാതിക്കാരിയുടെ പേരോ, പീഡനം നടന്നു എന്ന് ആരോപിക്കുന്ന തീയതിയോ സ്ഥലമോ വ്യക്തമാക്കാത്തതിൽ നിന്ന് പരാതിക്ക് പിന്നിൽ രാഷ്ട്രീയ പേരിതമായ ഗൂഢാലോചനയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരി മജിസ്‌ട്രേറ്റിനു മുന്നിൽ നേരിട്ടെത്തി രഹസ്യമൊഴി നൽകിയത്.