'ജനങ്ങൾക്ക് ആശങ്കയുണ്ട്'; കേരള സ്റ്റോറി 2 ഹൈക്കോടതി നാളെ കാണും, ടീസറും ട്രെയിലറും നീക്കം ചെയ്യണം

Tuesday 24 February 2026 12:55 PM IST

കൊച്ചി: കേരള സ്റ്റോറിയെന്ന സിനിമയുടെ രണ്ടാംഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. സിനിമ നാളെ വൈകിട്ട് കാണുമെന്നും ഹൈക്കോടതി അറിയിച്ചു. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്നും കാണാതിരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. കേരള സ്റ്റോറി 2ന്റെ ടീസർ നീക്കം ചെയ്യാമെന്ന് സൺഷൈൻ പിക്ചേഴ്സ് അറിയിച്ചിട്ടുണ്ട്.

കേരള സ്റ്റോറി 2 എന്ന ചിത്രത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. കേരള സ്റ്റോറി 2 കാണാനുള്ള കാരണം കേരള സ്റ്റോറി എന്ന പേരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു.

'മതസൗഹാർദം പുലരുന്ന നാടാണ് കേരളം. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണ്. ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് നിർമാതാക്കൾ വ്യക്തമാക്കണം.സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ല. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും'- ഹൈക്കോടതി അറിയിച്ചു.