'വി ഡി സതീശനെതിരെ മത്സരിക്കും'; കോൺഗ്രസിന്റെ മുൻ നഗരസഭാ ചെയർപേഴ്‌സൺ ബിജെപിയിൽ ചേർന്നു

Tuesday 24 February 2026 4:30 PM IST

തിരുവനന്തപുരം: കോൺഗ്രസിന്റെ പറവൂർ മുൻ നഗരസഭാ ചെയർപേഴ്‌സണും എഐസിസി അംഗവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് വത്സലയ്ക്ക് അംഗത്വം നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും സ്ത്രീ ശാക്തീകരണ നിലപാടുകളുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് വത്സല പ്രസന്നകുമാർ പറഞ്ഞു. ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.വരുന്ന തിരഞ്ഞെടുപ്പിൽ പറവൂരിൽ മത്സരിക്കാൻ സീറ്റുതന്നാൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ മത്സരിക്കുമെന്നും വത്സല മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ നല്ല ദൈവ വിശ്വാസിയാണെന്നും അതുകൊണ്ട് തന്നെ വിജയപ്രതീക്ഷയുണ്ടെന്നും വത്സല ഒരു മാദ്ധ്യമത്തോട് കൂട്ടിച്ചേർത്തു.

'2010ൽ എന്നെ പാർട്ടി നിർബന്ധിച്ചാണ് പറവൂർ നഗരസഭയിലെ പള്ളംതുരുത്ത് വാർഡിൽ നിന്ന് മത്സരിപ്പിച്ചത്. നല്ല ഭൂരിപക്ഷവുമുണ്ടായിരുന്നു. ചെയർപേഴ്‌സണുമായി. 2015ൽ മണ്ഡലം ജനറൽ വിഭാഗത്തിലേക്ക് മാറിയപ്പോഴും എന്നെ മത്സരിപ്പിച്ചു. ചെയർപേഴ്‌സൺ സ്ഥാനം നൽകുമെന്നും പറഞ്ഞിരുന്നു. പക്ഷെ ചിലർ മനഃപ്പൂർവം തോൽപ്പിക്കാൻ ശ്രമിച്ചു. പക്ഷെ തോൽപ്പിക്കാൻ ശ്രമിച്ചവരുടെ ലക്ഷ്യം വിഫലമായി. ഇതിനുശേഷം ചെയർപേഴ്‌സൺ സ്ഥാനം വി ഡി സതീശൻ വേണ്ടപ്പെട്ടവർക്ക് നൽകി. ഈ ചതി മനസിലാക്കിയതോടെ പിന്നീട് പൊതുരംഗത്ത് നിന്ന് മാറി നിൽകുകയാണ് ചെയ്തത്.

കഴിഞ്ഞ ആറ് വർഷമായി കോൺഗ്രസിന്റെ ഒരു പാർട്ടി പരിപാടിക്കും പോകാറില്ല. എന്നെ നേതാക്കൾ വീട്ടിൽ വന്നാണ് ബിജെപിയിലേക്ക് ക്ഷണിച്ചത്. ആ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ബിജെപിയിൽ ചേർന്നതോടെ ഇത്രയും കാലം എനിക്ക് ലഭിക്കാത്ത ഊർജം ലഭിച്ചു. ഇനി പൊതുരംഗത്ത് സജീവമാകും'- വത്സല പറഞ്ഞു.