മൂൺ ആർട്ടിലെ വിസ്മയം

Wednesday 25 February 2026 1:51 AM IST

കൊച്ചി: വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്ത 'അമാവാസി'യിൽ നിന്ന് സച്ചിനെ കരകയറ്റിയത് മൂൺ ആർട്ട് എന്ന കരവിരുത്. ചന്ദ്രമണ്ഡലം പ്രതിഫലിക്കുന്ന കലാസൃഷ്ടികൾ ഹിറ്റായതോടെ ജീവിതം പൗർണമിയായി. നിരവധി ഓർഡറുകൾ വരുന്നതോടെ നിന്നുതിരിയാൻ 28കാരന് സമയമില്ല. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നടക്കം ഓർഡറുകൾ ലഭിക്കുന്നു.

മൾട്ടി വുഡിലാണ് ചന്ദ്രപ്രതലം നിർമ്മിക്കുന്നത്. മൾട്ടിവുഡ് വൃത്താകൃതിയിൽ മുറിച്ച്, അതിൽ പുട്ടി ചെയ്താണ് മൂൺ തയ്യാറാക്കുന്നത്. ചുറ്റിനും എൽ.ഇ.ഡി സ്ട്രിപ്പ് വയ്ക്കുന്നതോടെ ചന്ദ്രപ്രതലം റെഡി. രണ്ടു ദിവസം കൊണ്ടാണ് പൂർത്തിയാക്കുന്നത്. എറണാകുളത്ത് സുഹൃത്ത് ബന്ധങ്ങൾ ഏറെയുള്ള സച്ചിൻ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.

ചിത്രരചനയിലായിരുന്നു കമ്പം. ഐ.ടി.ഐ പഠനകാലത്ത് പോർട്രേറ്റ് രചന തുടങ്ങി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ ആവശ്യക്കാരായി. കാലിക്കറ്റ് സ്കൂൾ ഒഫ് ഫൈൻ ആർട്സിൽ നിന്ന് ചിത്രരചന ശാസ്ത്രീയമായി പഠിച്ചു. ജപ്പാനീസ് യൂട്യൂബറുടെ മൂൺ ആർട്ടിൽ പ്രചോദനം ഉൾക്കൊണ്ട് 2023ൽ നിർമ്മിച്ചത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ ഹിറ്റായി. ആയിരത്തിലധികം ഓർഡറുകളാണ് അപ്പോൾ ലഭിച്ചത്.

കൂലിപ്പണിക്കാരനായ പിതാവ് പൂച്ചക്കുന്നത്ത് വീട്ടിൽ ചന്ദ്രന് ലഭിച്ചിരുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. സച്ചിന്റെ മൂൺ ആർട്ട് ഹിറ്റായതോടെ അതിൽ നിന്നുള്ള വരുമാനം ആശ്വാസമാകുന്നു. മൾട്ടിവുഡ് മുറിക്കലും പെയിന്റിംഗും പിതാവാണ് ചെയ്യുന്നത്. പാക്കിംഗിന്റെ ചുമതല അമ്മ സജിതയ്ക്കാണ്.

 വില 1500 മുതൽ 10 ഇഞ്ചിന്റെ മൂണിന് 1500 രൂപയാണ് വില. 48 ഇഞ്ച് വരെയുള്ള ചന്ദ്രനെ സച്ചിൻ നിർമ്മിക്കുന്നുണ്ട്. പുറമേ സൂപ്പർ മൂൺ, ദൈവങ്ങളുടെ രൂപം ചേർത്തുള്ള മൂൺ എന്നിവയും.