'കേരള സ്റ്രോറി- 2' കേസിൽ ഹൈക്കോടതി കേരളം മതേതരം, സെൻസർ ബോർഡ് അത് മറക്കരുത്

Wednesday 25 February 2026 12:03 AM IST

കൊച്ചി: കേരളം മതേതര സംസ്ഥാനമാണെന്നും വളരെ സൗഹാർദ്ദത്തോടെയാണ് ഇവിടെ ജീവിതമെന്നും ഹൈക്കോടതി. അതിനെ മോശമായി ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നൽകും. ഇവിടെയാണ് സെൻസർ ബോർഡ് ഇടപെടേണ്ടത്. 'കേരള സ്റ്റോറി- 2 ഗോ ബിയോൺഡ്" എന്ന സിനിമയുടെ കാര്യത്തിൽ ഇതുണ്ടായോയെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. സിനിമയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള ചോദ്യം.

വെള്ളിയാഴ്ച സിനിമയുടെ റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നതിനാൽ അതിനുമുമ്പ് സിനിമ കാണാമെന്ന് സിംഗിൾബെഞ്ച് അറിയിച്ചു. എന്നാൽ ഹർജി നിലനിൽക്കുമോ എന്നതിലടക്കം വാദമുന്നയിക്കാനുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചതിനെത്തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമയ്ക്ക് 'കേരള സ്റ്റോറി" എന്ന് പേരിട്ടത് ബോധപൂർവമാണെന്നും ഇത് സാമുദായിക ചേരിതിരിവിന് കാരണമാകുമെന്നുമാണ് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയുടെ ഹർജിയിലെ ആരോപണം.

സിനിമ പോലുള്ള കലാസൃഷ്ടികളിൽ സാധാരണ ഇടപെടാറില്ലെന്ന് പറഞ്ഞ കോടതി, ഹർജിക്കാർ പറയുന്നതിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തി. യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമയെന്ന് പറഞ്ഞശേഷം 'കേരള സ്റ്റോറി" എന്ന് പേരു നൽകുന്നു. ലോകം മുഴുവനുള്ള കേരളീയരെ ബാധിക്കുന്നതാണിത്. സാമുദായിക സംഘർഷത്തിനും കാരണമായേക്കും. അടുത്തിടെ റിലീസ് ചെയ്ത 'ഹാൽ" സിനിമയിലെ ചില വാക്കുകൾ സെൻസർ ബോർഡ് നീക്കിയിരുന്നു. അതേ പരിഗണന ഇവിടെ ഉണ്ടായോയെന്നും കോടതി ചോദിച്ചു.

സിനിമയുടെ ടീസറും ട്രെയിലറും പ്രകോപനപരമാണെന്ന് ഹർജിക്കാരനായി ഹാജരായ അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ വാദിച്ചു. ടീസറിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെന്നായിരുന്നു നിർമ്മാതാക്കളുടെ മറുപടി.