നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭ പാസാക്കി

Wednesday 25 February 2026 12:07 AM IST

□കേരളത്തിന്റെ മക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖയായി മാറുന്ന നേറ്റിവിറ്റി കാർഡിന് നിയമ പ്രാബല്യം നൽകാനുള്ള ബിൽ നിയമസഭ പാസാക്കി. നേറ്റിവിറ്റി കാർഡിനായി തെറ്റായ വിവരം നൽകുന്നവർക്ക് മൂന്നു മാസം വരെ തടവും, 5,000 രൂപ വരെ പിഴയുമോ, അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ ശിക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

സംസ്ഥാന സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്താനാവും. നേറ്റിവിറ്റി കാർഡ് നല്‍കുന്നതിനുള്ള അധികാരിയായി തഹസിൽദാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നേറ്റിവിറ്റി കാർഡിനായി ബന്ധപ്പെട്ട അധികാരി മുമ്പാകെ നിർണയിക്കപ്പെട്ട ഫോറത്തിൽ ആവശ്യപ്പെടുന്ന രേഖകളും നിശ്ചിത ഫീസും സഹിതം അപേക്ഷിക്കണം. നിയമസഭ പാസാക്കിയെങ്കിലും ബില്ലിൽ ഗവർണർ ഒപ്പു വച്ചാലേ നിയമമാവൂ.

രാജ്യത്ത് വിവിധ വിഭാഗം ആളുകളിൽ ആശങ്കയുണ്ടെന്നും കേരളത്തിന്റെ മക്കൾക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിന്നീട് സഭയിൽ പറഞ്ഞു. ഇവിടെ എല്ലാ തരത്തിലും സുരക്ഷിതമാണ്. ആർക്കും അവരെ നിഷേധിക്കാനാവില്ല. സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത് ഒട്ടേറെ കാര്യങ്ങൾ രാജ്യത്ത് സംഭവിക്കുന്ന സാഹചര്യത്തിൽ നേറ്റിവിറ്റി കാർഡ് പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിനുള്ള മറുപടിയാണ് നേറ്റിവിറ്റി കാർഡെന്നും കാർഡ് കൈയിലുള്ള ഒരാളെയും

പുറത്താക്കാനാവില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു.