നിയമസഭ സമ്മേളിച്ചത് 204 ദിനങ്ങൾ
ബില്ലുകൾ പാസാക്കുന്നതിൽ നേട്ടം
തിരുവനന്തപുരം: പല വിധ സവിശേഷതകളോടെയാണ് പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞത്. 2021 മേയ് മൂന്നിന് രൂപീകൃതമായി, 24ന് ആദ്യ സമ്മേളനം തുടങ്ങിയ സഭ 16 ഘട്ടങ്ങളിലായി 204 ദിനങ്ങൾ സമ്മേളിച്ചു. സമ്മേളന ദിവസങ്ങളുടെ അടിസ്ഥാനത്തിൽ ആനുപാതികമായി ഏറ്റവും കൂടുതൽ നിയമങ്ങൾ പാസാക്കിയത് ഈ സഭയാണ്. പ്രസിദ്ധീകരിച്ച 195 ഗവ. ബില്ലുകളിൽ 168 എണ്ണം പാസാക്കി. ചട്ടം 50 പ്രകാരം സഭ നിറുത്തി വയ്ക്കണമെന്ന 18 ഉപക്ഷേ നോട്ടീസുകളിൽ ചർച്ചയ്ക്ക് സന്നദ്ധമായി. ഏഴാം സമ്മേളനത്തിലും പതിനാറാം സമ്മേളനത്തിലും സഭ നിയന്ത്രിക്കുന്നതിനുള്ള ചെയർപേഴ്സണ്മാരുടെ മൂന്നംഗ പാനലിൽ വനിതാ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയതും
നേട്ടമാണ്.
ഒന്ന് മുതൽ പതിനാറ് വരെയുള്ള സമ്മേളനങ്ങളിൽ 204 ദിവസങ്ങളിലായി 1192 മണിക്കൂർ 23 മിനിട്ടാണ് സമ്മേളിച്ചത്. ഒരു ദിവസം ശരാശരി 6 മണിക്കൂറോളം . നിയമ നിർമ്മാണത്തിന് 270 മണിക്കൂർ 39 മിനിട്ടും ധനകാര്യത്തിന് 279 മണിക്കൂർ 55 മിനിട്ടും ചെലവഴിച്ചു. നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചർച്ചയ്ക്കുമായി 64 മണിക്കൂർ 58 മിനിട്ടും ചോദ്യോത്തരവേളയ്ക്കായി 162 മണിക്കൂർ 36 മിനിട്ടും ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് 53 മണിക്കൂർ 23 മിനിട്ടും സബ്മിഷന് 117 മണിക്കൂർ 18 മിനിട്ടുമാണ് ചെലവിട്ടത്. റൂൾ 50 അനുസരിച്ചുള്ള ഉപക്ഷേപത്തിന്മേൽ അവതരണാനുമതിക്കായി 107 മണിക്കൂർ 51 മിനിട്ടും സഭ നിറുത്തിവയ്ക്കണമെന്ന ഉപക്ഷേപത്തിന്മേലുള്ള ചർച്ചയ്ക്കായി 51 മണിക്കൂർ 11 മിനിട്ടും വിനിയോഗിച്ചു. അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി 12 വെള്ളിയാഴ്ചകളിലായി 14 മണിക്കൂർ 11 മിനിട്ടേ ചെലവഴിക്കാൻ സാധിച്ചുള്ളൂ.