ആറങ്ങാട്ടുപടിയിൽ കക്കൂസ് മാലിന്യം തള്ളുന്നു
പുല്ലാട്: കോയിപ്രം ഗ്രാപഞ്ചായത്ത് 18-ാം വാർഡിലെ നെല്ലിമല കൊച്ചാലുംമൂടിന് സമീപം ആറങ്ങാട്ടുപടി- കല്ലൂമാലി റോഡിൽ പാടത്തേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇന്നലെ രാത്രിയിലും കക്കൂസ് മാലിന്യം തള്ളി. വേനൽ മഴ പെയ്തതോടെ ഒലിച്ചിറങ്ങി താഴ്ന്ന പ്രദേങ്ങളിലെ കിണറുകളിലും കുടിവെള്ള സ്രോതസുകളിലും കലരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
കക്കൂസ് മാലിന്യത്തിന് പുറമേ കോഴി അവശിഷ്ടങ്ങളും അറവുശാല, ഹോട്ടൽ മാലിന്യവും ഈ ഭാഗത്ത് ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയാണ്.
പതിവായി മാലിന്യം തള്ളുന്നതിനാൽ ചീഞ്ഞളിഞ്ഞ് വലിയ ദുർഗന്ധമാണ് പ്രദേശത്ത് പരക്കുന്നത്. മാലിന്യം പറവകൾ കൊത്തിവലിച്ച് സമീപത്തെ ശുദ്ധജല സ്രോതസുകളിൽ നിക്ഷേപിക്കുന്നത് കുടിവെള്ളം മലിനമാക്കുന്നുണ്ട്. തെരുവുനായ്ക്കൾ ഇറച്ചി മാലിന്യം തിന്നാൽ കടിപിടി കൂടുന്നത് മറ്റൊരു ഭീഷണിയാണ്. കൂടാതെ കാടുപിടിച്ചുകിടക്കുന്ന പാടശേഖരം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ്.
റോഡിനിരുവശത്തും വളർന്നിറങ്ങിയ കാട് വെട്ടിത്തെളിക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകാനും പ്രദേശത്ത് സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കാനും ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടതായി വാർഡ് അംഗം തോമസ് ജേക്കബ് പറഞ്ഞു.
സാമൂഹ്യവിരുദ്ധരുടെ താവളം
ആറങ്ങാട്ടുപടി-കല്ലൂമാലി റോഡ് സാമൂഹ്യ വിരുദ്ധരുടെയും ഇഷ്ട താവളം
സന്ധ്യയാകുന്നതോടെ പഞ്ചായത്തിന് പുറത്തുനിന്നുള്ളവരും എത്തും
കാറിലും ബൈക്കിലും എത്തുന്നവർ പുലർകാലം വരെ തമ്പടിക്കും
ഇവരുടെ ശല്യം കാരണം സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാനാവില്ല
കോയിപ്പുറം, തിരുവല്ല പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയാണ് ആറങ്ങാട്ടുപടി-കല്ലൂമാലി റോഡ്. ഇക്കാരണത്താൽ പൊലീസ് ഇവിടേയ്ക്ക് നിരീക്ഷണത്തിന് എത്താറില്ല. ഇതാണ് സാമൂഹ്യവിരുദ്ധർ മുതലാക്കുന്നത്.
പ്രദേശവാസികൾ
പൊതുസ്ഥലത്തും പാടത്തും കക്കൂസ് മാലിന്യം അടക്കം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിലും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകി.
തോമസ് ജേക്കബ്,
വാർഡ് അംഗം