നിലമ്പൂർ ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ഷിനാസ് ബാബുവിനെ സ്ഥലം മാറ്റി

Wednesday 25 February 2026 12:35 AM IST

നിലമ്പൂർ: ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷിനാസ് ബാബുവിനെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ചിത്ര.കെ.ദിവാകരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്നുവർഷമായി സൂപ്രണ്ട് തസ്തികയിൽ ഒഴിവ് നികത്താത്തതിനാൽ ഡോക്ടർ ഷിനാസ് ബാബുവാണ് സൂപ്രണ്ട് ഇൻ ചാർജ്ജായി പ്രവർത്തിച്ചു വന്നിരുന്നത്. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ കൺസൽട്ടന്റ് ആയാണ് നിയമനം. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വനിതാ മെഡിക്കൽ ഓഫീസർ ഷിനാസ് ബാബുവിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ ആശുപത്രിയിൽ ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശരിയായ അന്വേഷണം ഉറപ്പാക്കുന്നതിനാ അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനുമായാണ് സ്ഥലം മാറ്റമെന്നാണ് വിവരം. അതേസമയം ആശുപത്രിയിലെ ആർ.എം.ഒ പദവിയിൽ നിന്ന് ഡോ. ടി.കെ.പ്രവീണ ഒഴിവായി. പകരം പെരിന്തൽമണ്ണയിൽ നിന്നും ഡോ.അബ്ദുൾ നിസാറിന് ആർ.എം.ഒയുടെ ചുമതല നൽകിയിട്ടുണ്ട്.