ആ 'വിസ്മയം' പറവൂരിൽ, സതീശനെതിരെ വത്സലയെ ഇറക്കാൻ ബി.ജെ.പി

Wednesday 25 February 2026 12:37 AM IST

കൊച്ചി: പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ 'വിസ്മയം" പരീക്ഷിക്കാൻ ബി.ജെ.പി. സതീശനെ പൂട്ടാൻ നഗരസഭാ മുൻ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായിരുന്ന വത്സല പ്രസന്നകുമാറിനെ കളത്തിലിറക്കാനാണ് ബി.ജെ.പി ആലോചന. ഇതു ലക്ഷ്യമിട്ടാണ് വത്സലയെ സ്വീകരിച്ചത്. സതീശനെതിരെ അങ്കത്തിന് തയ്യാറാണെന്ന് വത്സല ബി.ജെ.പിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ,​ ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റ് വിട്ടുനൽകാൻ അവർ തയ്യാറാകണം.

സതീശനെതിരെ മുൻസഹപ്രവർത്തക മത്സരിച്ചാൽ ഗുണമാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ജനകീയ ചെയർപേഴ്സൺ എന്ന പരിവേഷവും ബി.ജെ.പിക്ക് അനുകൂലമാണ്. 'വിസ്‌മയം പറവൂരിൽ നിന്നാകട്ടെ"യെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ വാക്കും വത്സല സ്ഥാനാർത്ഥിയാകുമെന്ന സൂചനയാണ്. നഗരസഭയിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ച സതീശനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് വത്സല പ്രസന്നകുമാർ 'കേരളകൗമുദി"യോട് പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആയുഷ്‌മാൻ ഭാരത് ഉൾപ്പെടെ ക്ഷേമപദ്ധതികളാണ് തന്നെ ബി.ജെ.പിയിലേയ്‌ക്ക് ആകർഷിച്ചതെന്ന് വത്സല പ്രസന്നകുമാർ പറഞ്ഞു.

 സതീശന്റെ ഉറ്റ ശിഷ്യ

2000 മുതൽ 2015 വരെയും 2010 മുതൽ 2013 വരെയും നഗരസഭാ ചെയർപേഴ്സണായിരുന്നു വത്സല പ്രസന്നകുമാർ. 1995 മുതൽ കൗൺസിലറായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി, എക്സിക്യുട്ടീവ് അംഗം, മഹിളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വി.ഡി.സതീശന്റെ പിന്തുണയിലും ആശിർവാദത്തിലുമാണ് നഗരസഭാ ചെയർപേഴ്സൺ ഉൾപ്പെടെ പദവികളിൽ പ്രവർത്തിച്ചത്. 2015ലെ തിരഞ്ഞെടുപ്പു കാലത്ത് സതീശനുമായി അകന്നു. വത്സലയെ തോൽപ്പിക്കാൻ സതീശൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. 2020 മുതൽ പാർട്ടിയിൽ നിന്ന് പൂർണമായി അകന്നു.