ആവശ്യമില്ലാത്തവർക്ക് എന്തിന് സന്ദേശമയയ്ക്കുന്നു: ഹൈക്കോടതി

Wednesday 25 February 2026 12:42 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്സാപ്പ് ബിസിനസ് അക്കൗണ്ടു വഴി സർക്കാർ ജീവനക്കാർക്കടക്കം സന്ദേശങ്ങൾ അയയ്‌ക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി. ഏതാണ് ഈ ബിസിനസ് അക്കൗണ്ടെന്നും ആരാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു. സർക്കാരിന്റെ ഐ.ടി വിഭാഗമാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന് സർക്കാരിനു വേണ്ടി സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ വി.മനു വിശദീകരിച്ചു. സർക്കാർ ആനുകൂല്യം ലഭിച്ച ജീവനക്കാർക്കാണ് സന്ദേശങ്ങൾ അയച്ചതെന്നും വ്യക്തമാക്കി.

ആവശ്യമില്ലാത്തവർക്ക് എന്തിനാണ് ഇത്തരത്തിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതെന്ന് കോടതി ചോദിച്ചു. സർക്കാർ ആനുകൂല്യം ലഭിച്ചവർക്ക് മാത്രമാണ് സന്ദേശങ്ങൾ ലഭിച്ചതെങ്കിൽ അക്കാര്യം വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്യാമോ എന്നും ചോദിച്ചു. തുടർന്നാണ് സമാന സന്ദേശങ്ങൾ ഇനി ആർക്കും അയയ്‌ക്കില്ലെന്ന ഉറപ്പോടെ സർക്കാർ വിശദീകരണത്തിന് സമയം തേടിയത്.

അനുവാദമില്ലാതെ ഇത്തരത്തിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നത് തെറ്റാണെന്നും ആനുകൂല്യം കിട്ടാത്തവർക്കും സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു.