ഡാറ്റ ചോർച്ചയിൽ മുഖ്യമന്ത്രിക്ക് പങ്ക് : സതീശൻ

Wednesday 25 February 2026 12:44 AM IST

കോട്ടയം : സർക്കാർ ജീവനക്കാരുടെ ഡാറ്റ ചോർന്നതിൽ സി.പി.എം നേതൃത്വത്തിനും, മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉത്തരവാദികൾക്കെതിരെ കേസെടുത്ത് അന്വേഷിക്കണം. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പുതുയുഗയാത്രയുടെ ഭാഗമായി കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖജനാവിൽ അഞ്ച് പൈസ ഇല്ലാത്തപ്പോഴും കോടികൾ ചെലവഴിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത്. നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധി വളരെ കൃത്യമാണ്. സുപ്രീംകോടതി സ്‌റ്റേ പിൻവലിപ്പിക്കാൻ നിയമപോരാട്ടം നടത്തും. ശബരിമല തന്ത്രിയുമായി ബന്ധപ്പെട്ട വിജിലൻസ് കോടതി വിധിയെ തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമമന്ത്രിയ്ക്കില്ല. സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കാളിത്തമെന്താണെന്ന് എസ്.ഐ.ടി വ്യക്തമാക്കണം.