ഒരു ജോളി വരുത്തിവച്ച വിനയേ... 'ജോളി ജംഗ്ഷന്' പുതിയ പേരിടാനൊരുങ്ങി നാട്ടുകാർ,കാരണം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോളി എന്ന പേര് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട്. ഭർത്താവിനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ജോളി കാരണം നാണക്കേടുണ്ടായിരിക്കുന്നത് കുടുംബക്കാർക്ക് മാത്രമല്ല, ജോളിയെന്ന സ്ത്രീയെ മാദ്ധ്യമങ്ങളിലൂടെയല്ലാതെ പരിചയം പോലുമില്ലാത്ത കൊല്ലം ജില്ലയിലെ ഒരുകൂട്ടം ആളുകൾക്കും കൂടിയാണ്.
കൊല്ലം ജില്ലയിലെ ഇരവിപുരം-മയ്യനാട് റോഡിൽ ജോളി എന്ന പേരുള്ള ഒരു ജംഗ്ഷനുണ്ട്. കൂടത്തായി കൊലപാതകം വാർത്തകളിൽ നിറഞ്ഞതിന് തൊട്ടുപിന്നാലെ ആരോ 'ജോളി ജംഗ്ഷൻ' എന്ന ബോർഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വളരെപ്പെട്ടെന്ന് തന്നെ സംഭവം വൈറലായി.
ഇതോടെ ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നാണക്കേട് ഉണ്ടായിരിക്കുകയാണ്. സ്കൂളിൽ സഹപാഠികൾ കളിയാക്കുന്നുവെന്ന് വിദ്യാർത്ഥികളും, ജോലി സ്ഥലത്ത് സഹപ്രവർത്തകർ കളിയാക്കുന്നുവെന്ന് മുതിർന്നവരും പറയുന്നു. ആരും ഇപ്പോൾ ജോളി ജംഗ്ഷൻ എന്ന് പറഞ്ഞ് ടിക്കറ്റെടുക്കുന്നില്ലെന്ന് ബസ് ജീവനക്കാരും പറയുന്നു. ജംഗ്ഷന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് നാട്ടുകാർ.