ശബരിമലയിൽ എന്തെങ്കിലും ബാക്കിയുണ്ടോ...?

Wednesday 25 February 2026 1:57 AM IST

ന്യൂഡൽഹി: ശബരിമലയിൽ സ്വർണമടക്കം ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് പരിഹസിച്ച് സുപ്രീംകോടതി. സ്വർണക്കൊള്ള കേസിലെ അറസ്റ്റ് ചോദ്യം ചെയ്‌ത് സ്‌മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണിത്. എഫ്.ഐ.ആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. മാ‌ർച്ച് 9ന് വീണ്ടും പിരഗണിക്കുമെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സ്വർണക്കൊള്ള കേസിൽ നാലാം തവണയാണ് സുപ്രീംകോടതിയുടെ കടുത്ത വിമർശനം. ഭഗവാനെപ്പോലും വെറുതെ വിടുന്നില്ലെന്ന് ജനുവരി 6ന് കെ.പി. ശങ്കരദാസിന്റെ ഹർജി പരിഗണിക്കവെ നിരീക്ഷിച്ചു. ഭക്തനാണെന്ന് അവകാശപ്പെട്ട് ദൈവത്തെ കൊള്ളയടിക്കുന്നെന്ന് എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പറ‌ഞ്ഞു. ജനുവരി 22നായിരുന്നു അത്. കൊടിമരത്തിലെ സ്വർണം വരെ മോഷ്‌ടിച്ചില്ലേയെന്ന് എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ചോദിച്ചു. ഫെബ്രുവരി 11നായിരുന്നു വിമ‌ർശനം.