ശബരിമല സ്വർണ്ണക്കൊള്ള: ക്ലിഫ് ഹൗസിന് മുന്നിൽ അയ്യപ്പജ്യോതി തെളിച്ച് ബി.ജെ.പി
തിരുവനന്തപുരം : നാടിന്റെ വിശ്വാസവും സംസ്‌ക്കാരവും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ബി.ജെ.പി സംഘടിപ്പിച്ച അയ്യപ്പജ്യോതി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ സ്വർണം കൊള്ളയടിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും കൊള്ളയ്ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ എസ്.ഐ.ടിക്ക് കഴിയുന്നില്ല. ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
സ്വർണ്ണക്കൊള്ളയുടെ പേരിൽ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്, സെക്രട്ടറി ശോഭ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. സോമൻ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സൗത്ത് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, നോർത്ത് ജില്ലാ പ്രസിഡന്റ് റെജികുമാർ എന്നിവർ സംസാരിച്ചു.
ദേവസ്വം ബോർഡ് ജങ്ഷനിൽ നിന്ന് ക്ലിഫ് ഹൗസിലേക്കുള്ള റോഡ് ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് റോഡിലൊരുക്കിയ വേദിക്കരികെ അയ്യപ്പന്റെചിത്രത്തിന് മുന്നിലും പാതയോരത്ത് ഇരുവശങ്ങളിലും സജ്ജമാക്കിയ നിലവിളക്കുകളിലും ദീപം തെളിച്ചായിരുന്നു പ്രതിഷേധം.